Featured Oddly News

യൂണിഫോമിട്ട് ബാഗുമായി ഒന്നുകൂടി സ്‌കൂളില്‍ പോകുമ്പോള്‍ കൊതിയുണ്ടോ? നിങ്ങൾ മുടക്കേണ്ടത്….

സ്‌കൂളില്‍ പോയിരുന്ന കാലത്ത് നമ്മളില്‍ മിക്കവര്‍ക്കും ഏറ്റവും മടി തോന്നിയിരുന്ന കാര്യം ‘സ്‌കൂളില്‍ പോക്ക്’ ആയിരിക്കാം. എന്നാല്‍ വിദ്യാഭ്യാസകാലം കഴിഞ്ഞ് വിവാഹിതരായി മക്കള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍ ഏറ്റവും കൗതുകവും വീണ്ടും എന്തെങ്കിലും ചെയ്യാനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിലൊന്നും നിശ്ചയമായും സ്‌കൂളില്‍ പോക്ക് തന്നെയായിരിക്കും.

യൂണിഫോമും ബാഗും പുസ്തകങ്ങളും ചോറുപാത്രവുമൊക്കെയായി വീണ്ടും ആ സ്‌കൂള്‍കാലം തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന് മോഹമുണ്ടോ? എങ്കില്‍ നേരെ ജപ്പാന് പൊയ്‌ക്കൊള്ളുക. അവിടെ ടൂറിസത്തിന്റെ ഭാഗമായി മുതിര്‍ന്നവര്‍ക്ക് സ്‌കൂളിലേക്ക് പോകാന്‍ അവസരമുണ്ട്.

വിദേശികളെ ലക്ഷ്യമിട്ടുള്ള വിനോദസഞ്ചാര പരിപാടിയിലാണ് ജപ്പാന്‍ സ്‌കൂളില്‍പോക്ക് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ‘ഉണ്ടോക്കയ്യ’ എന്ന് പേരിട്ടിരിക്കുന്ന കമ്പനിയാണ് വീണ്ടും ജാപ്പനീസ് സ്റ്റുഡന്റാകാനുള്ള അവസരം മുതിര്‍ന്നവര്‍ക്ക് മുന്നില്‍ വെച്ചു നീട്ടിയിരിക്കുന്നത്. ഒരു ദിവസം വിദ്യാര്‍ത്ഥിയാകാനുള്ള ഫീസ് ഏകദേശം 17,000 രൂപയാണ് (30,000 യെന്‍) ‘വണ്‍ഡേ സ്റ്റുഡന്റ്’ എന്നാണ് പദ്ധതിയുടെ പേര് തന്നെ കിഴക്കന്‍ ജപ്പാനിലെ ചിബയിലെ സെക്കണ്ടറി സ്‌കൂളിലാണ് വീണ്ടും വിദ്യാര്‍ത്ഥിയാകാനുള്ള അവസരം. ജപ്പാനിലെ സ്‌കൂള്‍ സംസ്‌ക്കാരം പരിചയപ്പെടുത്താന്‍ വേണ്ടിയുള്ള പദ്ധതിയാണെങ്കിലും ടൂറിസത്തിന്റെ വികസനമാണ് ആത്യന്തികമായ ലക്ഷ്യം.

കാലിഗ്രാഫി, ജാപ്പനീസ് ആയോധനകലയായ കറ്റാനാ ഫൈറ്റിംഗ്, പരമ്പരാഗത ജാപ്പനീസ് നൃത്തം എന്നിവയും അഭ്യസിക്കാനാകും. സന്ദര്‍ശകര്‍ക്ക് പ്രത്യേക യൂണിഫോമോ സ്യൂട്ടോ ധരിക്കാനാകും. ഒരു ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് അനുഭവം ആരംഭിക്കുന്നത്, തുടര്‍ന്ന് ജാപ്പനീസ് ഭാഷാ ക്ലാസ്, ഡിസാസ്റ്റര്‍ ഡ്രില്ലുകള്‍, കൂടാതെ ജപ്പാനിലെ യാങ്കി ഉപസംസ്‌കാരം എന്നിവയെല്ലാം ഇതിലുണ്ട്. ടീം സ്പിരിറ്റിന്റെയും സൗഹൃദത്തിന്റെയും ഒരു കാഴ്ച വിനോദസഞ്ചാരികള്‍ക്ക് ലഭിക്കുന്ന ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്ലാസ്സാണ് ഹൈലൈറ്റ്.

പരമ്പരാഗത കിമോണുകളും സാംസ്‌കാരിക പാഠങ്ങളും അനുഭവത്തെ കൂടുതല്‍ സമ്പന്നമാക്കുന്നു.പങ്കെടുക്കുന്നവര്‍ ജാപ്പനീസ് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമായ ക്ലാസ് റൂം വൃത്തിയാക്കലില്‍ വരെ ഏര്‍പ്പെടുന്നു. എല്ലാ പ്രായക്കാര്‍ക്കും തുറന്നിരിക്കുന്ന പ്രോഗ്രാമില്‍ പ്രതിദിനം 30 പങ്കാളികളെ മാത്രമേ അനുവദിക്കൂ. അവസാനം, സന്ദര്‍ശകര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *