Oddly News

ഗൂഗിള്‍മാപ്പ് പിന്നെയും ചതിച്ചാശാനെ…! ഗോവയ്ക്കിറങ്ങിയ നാല്‍വര്‍ സംഘത്തെ എത്തിച്ചത് കൊടും കാടിനുള്ളില്‍

മനുഷ്യര്‍ കൃത്യമായി നിര്‍ണ്ണയിച്ചു വെച്ചിട്ടുള്ളതിനാല്‍ ടെക്‌നോളജി ചതിക്കില്ലെന്നാണ് വിശ്വാസമെങ്കിലും യാത്രയ്ക്ക് വഴി ചോദിച്ചവരെ കുണ്ടിലും കുഴിയിലും കാട്ടിലും മേട്ടിലുമൊക്കെ എത്തിക്കുന്ന പതിവ് കുസൃതി തുടരുകയാണ് ഗൂഗിള്‍മാപ്പ്. ഇത്തവണ ബീഹാറില്‍ നിന്നും ഗോവയ്ക്ക് പോകാന്‍ ഇറങ്ങിയ നാല്‍വര്‍സംഘത്തെ ഗൂഗിള്‍മാപ്പ് വഴി കാണിച്ച് കൊണ്ടെത്തിച്ചത് കുറ്റാക്കൂരിരുട്ടുള്ള കൊടുംകാട്ടില്‍. ഖാനാപൂര്‍ പോലീസിന്റെ അടിയന്തര ഇടപെടല്‍ ഒഴിവാക്കി വിട്ടത് വന്‍ ദുരന്തമായിരുന്നു.

ഉജ്ജയിനില്‍ നിന്ന് ഗോവയിലേക്കുള്ള ഒരു ബിഹാര്‍ കുടുംബത്തിനായിരുന്നു യാത്ര ഒരു പേടിസ്വപ്നമായി മാറിയത്. സാറ്റ്‌ലൈറ്റ് നാവിഗേഷന്‍ ആപ്പ് കാണിച്ച വഴിയെ സഞ്ചരിച്ച രാജ്ദാസ് രഞ്ജിതദാസും (28) ഭാര്യയും മറ്റൊരു ദമ്പതികളും ഷിരോളി വനത്തിനുള്ളില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെ എത്തിച്ചേരുകയായിരുന്നു. ഖാനാപൂര്‍ താലൂക്കിലെ നിബിഡമായ ഷിരോലി വനത്തില്‍ ഇവര്‍ ഒറ്റപ്പെട്ടുപോകുകയായിരുന്നു. വനത്തിനുള്ളില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാത്തതിനാല്‍ ഇരുട്ടില്‍ കാട്ടില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ഭയന്ന്, നാല് പേരും പേടിച്ചും വിറഞ്ഞും രാത്രി മുഴുവന്‍ അവരുടെ വാഹനത്തില്‍ ചെലവഴിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അല്‍പ്പം കൂടി മുമ്പോട്ട് പോയപ്പോള്‍ കുറച്ച് കവറേജുള്ള ഒരു സ്ഥലം അവര്‍ കണ്ടെത്തി, എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറായ 112-ലേക്ക് വിളിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

ഇവരെ രക്ഷിച്ചതും ടെക്‌നോളജി തന്നെയായിരുന്നു. ഖാനാപൂര്‍ പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കെ ഐ ബാഡിഗര്‍, ഓഫീസര്‍ ജയറാം ഹന്‍മനാവര്‍ എന്നിവര്‍ തത്സമയ ലൊക്കേഷന്‍ ട്രാക്കിംഗ് ഉപയോഗിച്ച് വാഹനം കണ്ടെത്തി. 31 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഉദ്യോഗസ്ഥര്‍ ഇവിടെ വരെയെത്തിയത്. ഒരു ജംക്ഷനില്‍ നിന്നും രാജ്ദാസ് എട്ടുകിലോമീറ്ററോളം ചെളി റോഡിലൂടെ പോയ പാത വനത്തിലേക്കായിരുന്നു. പോലീസ് പിന്നീട് ഇവരെ ഗോവയിലേക്കുള്ള നിശ്ചിത റൂട്ടിലേക്ക് കയറ്റി വിട്ടു. ഭക്ഷണവും വെള്ളവുമായിട്ടാണ് പോലീസ് എത്തിയത്. ഗൂഗിള്‍ മാപ്സ് ഷിരോലി വനത്തിലേക്ക് സഞ്ചാരികളെ വഴിതെറ്റിച്ച് കയറ്റുന്ന സംഭവം ഇതാദ്യമല്ലെന്നാണ് പോലീസ് പറയുന്നത്്.

നവംബര്‍ 24 ന് സമാനമായ ഒരു കേസിനെ തുടര്‍ന്നാണ് സംഭവം, ഉത്തര്‍പ്രദേശിലെ ബറേലിയിലെ രാംഗംഗ നദിയിലേക്ക് ഗൂഗിള്‍ മാപ്സ് ഗൈഡഡ് വാഹനം അപൂര്‍ണ്ണമായ മേല്‍പ്പാലത്തില്‍ നിന്ന് വീണ് മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.