ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഇന്ത്യയിലെ അനേകം യുവതാരങ്ങളിലാണ് സ്വാധീനം ചെലുത്തിയിട്ടുള്ളത്. എന്നാല്‍ ധോണിയെക്കുറിച്ചുള്ള ഇന്ത്യന്‍ പേസര്‍ മൊഹ്സിന്‍ ഖാന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഞെട്ടിക്കുന്നത്. ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് മൊഹ്സീന് ഖാന് ഇക്കാര്യം പറഞ്ഞത്.
ധോണി തന്റെ ചിരകാല ആരാധനയാണെന്ന് ഇന്ത്യന്‍ പേസര്‍ വെളിപ്പെടുത്തി. 2011 ഏകദിന ലോകകപ്പ് ഫൈനലില്‍ നിന്ന് ധോണിയുടെ ഐക്കണിക് മാച്ച് വിന്നിംഗ് സിക്സ് തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് നിമിഷമാണെന്ന് പറഞ്ഞു. ”ഫൈനല്‍ കാണുമ്പോള്‍ എനിക്ക് അന്ന് പതിമൂന്നോ പതിനാലോ വയസ്സേ ഉണ്ടായിരുന്നുള്ളൂ. ആ സിക്സ് അടിച്ചപ്പോള്‍ ദീപാവലി ആഘോഷം പോലെയായിരുന്നു.” അദ്ദേഹം പറഞ്ഞു. അവസാനത്തെ ആ സിക്സറുകള്‍ അടിച്ച രീതി അവിശ്വസനീയമാണെന്നും പറഞ്ഞു.
എന്തുകൊണ്ടാണ് ധോണിക്ക് മുന്നില്‍ തന്റെ ആരാധന പ്രകടിപ്പിക്കാത്തതെന്ന് ചോദിച്ചപ്പോള്‍, ക്രിക്കറ്റ് ഇതിഹാസത്തെ സമീപിക്കാന്‍ തനിക്ക് വളരെയധികം പരിഭ്രാന്തി ഉണ്ടെന്ന് മൊഹ്സിന്‍ സമ്മതിച്ചു. അദ്ദേഹത്തെ ദൂരെ നിന്ന് കാണുന്നതാണ് സന്തോഷം നല്‍കുന്നത്. അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാന്‍ കഴിയില്ലെന്നും 26 കാരനായ ബൗളര്‍ പുഞ്ചിരിയോടെ സമ്മതിച്ചു.
ഐപിഎല്ലില്‍ ഈ സീസണിലും ധോണി കളിക്കാനെത്തും. സജീവ നായകസ്ഥാനത്ത് നിന്ന് പിന്മാറിയെങ്കിലും തന്റെ ക്രിക്കറ്റ് യാത്ര നീട്ടുമെന്ന് ധോണി അടുത്തിടെ സൂചന നല്‍കിയിരുന്നു. പുതുക്കിയ നിലനിര്‍ത്തല്‍ നിയമങ്ങള്‍ പ്രകാരം സിഎസ്കെ തങ്ങളുടെ പ്രിയപ്പെട്ട ‘തല’ നിലനിര്‍ത്തുമോ എന്ന് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ധോണി തുടരുകയാണെങ്കില്‍, അത് അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറിലെ അവിസ്മരണീയമായ മറ്റൊരു അധ്യായമായി മാറും.