Oddly News

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ‘അശ്ലീല വിവാഹാചാരം’, വധുവിനെ തൂണില്‍ കെട്ടിയിട്ട് ആഘോഷമാക്കുന്ന സുഹൃത്തുക്കള്‍

ലോകത്തുള്ള ഓരോ രാജ്യങ്ങളും വ്യത്യസ്തമായ സംസ്‌കാരവും ജീവിത രീതിയും പിന്തുടരുന്നവരാണ്. പ്രത്യേകിച്ചും വിവാഹകാര്യങ്ങളില്‍. പല നാട്ടിലും വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ആചാരനുഷ്ടാനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പൂര്‍വികരായി തുടങ്ങിവെച്ച ഇത്തരം ആചാരങ്ങള്‍ക്ക് കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ചിലത് കാലത്തിനനുസരിച്ച് പരിണമിക്കുകയും മറ്റുചിലത് കാലഹരണപ്പെടുകയോ ചെയ്യുന്നു.

എന്നാല്‍ ഇന്നും ലോകത്തിന്റെ പലഭാഗത്തും നൂറ്റാണ്ടുകളായി ആചരിച്ചുപോരുന്ന ചടങ്ങുകള്‍ ആധുനിക രീതിയില്‍ അനുഷ്ഠിക്കുന്ന നിരവധി സമൂഹങ്ങള്‍ ഉണ്ട്. എന്നാല്‍ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താത്ത ഇത്തരം ചടങ്ങുകള്‍ പുതുതലമുറയെ രോഷം കൊള്ളിക്കാറുണ്ട്. ഏതായാലും അത്തരം ഒരു ആചാരത്തിന്റെ ഭാഗമായി പുറത്തുവന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. ‘അശ്ലീലമായ’ വിവാഹം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ആചാരത്തിന്റെ ഭാഗമായി വധുവിനെ തൂണില്‍ ടേപ്പ് ഉപയോഗിച്ച് കെട്ടിവച്ച വീഡിയോയാണ് ഇത്.

സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് പറയുന്നതനുസരിച്ച്, ചൈനയിലെ പ്രശസ്തമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്ബോയിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. വൈറലായ വീഡിയോയില്‍ ഒരു കൂട്ടം പുരുഷന്മാര്‍ ടേപ്പ് ഉപയോഗിച്ച് ഒരു വധുവിനെ തൂണില്‍ കെട്ടുന്നതാണ് കാണുന്നത്. വിവാഹ വസ്ത്രത്തില്‍, വധു നിലവിളിച്ച് സഹായത്തിനായി അപേക്ഷിക്കുകയാണ്. പക്ഷേ ആരും അവളെ രക്ഷിക്കാന്‍ വരുന്നില്ല. റിപ്പോര്‍ട്ടുപ്രകാരം, ഇതു ചെയ്ത പുരുഷന്മാര്‍ വരന്റെ ബാല്യകാല സുഹൃത്തുക്കളായിരുന്നു, അവര്‍ നവദമ്പതികളുടെ സമ്മതപ്രകാരം ഒരു ഗെയിം കളിക്കുകയായിരുന്നു എന്നു പറയുന്നു.

‘ഇത് ഞങ്ങളുടെ പ്രാദേശിക ആചാരമാണ്, ഇതില്‍ ഒരു ദോഷവും സംഭവിച്ചിട്ടില്ല,’ വരന്റെ സുഹൃത്ത് പറഞ്ഞു. ആചാര സമയത്ത് വരന്‍ ഉണ്ടായിരുന്നുവെന്നും വധുവിന്റെ സുരക്ഷ ഉള്‍പ്പെട്ട സംഘം ശ്രദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘ഹുന്‍ നാവോ’ അല്ലെങ്കില്‍ വിവാഹ ഹാസിംഗ് എന്നാണ് ഈ ആചാരത്തെ ചൈനക്കാര്‍ വിളിക്കുന്നത്.

നവദമ്പതികള്‍ക്ക് ആഹ്ലാദകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അവരെ വിശ്രമിക്കാന്‍ സഹായിക്കുന്നതിനുമാണ് നവോ’ പരിശീലിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, ഈ ശുഭദിനത്തില്‍ ചിരിക്കുന്നത് തിന്മയെ അകറ്റുമെന്ന് വിശ്വസിക്കപ്പെട്ടു. എന്നിരുന്നാലും, ആധുനിക യുഗത്തില്‍, ഈ പാരമ്പര്യം ഒരു ആചാരമായി മാറിയിരിക്കുന്നു. ആളുകള്‍ക്ക് മോശം തമാശകള്‍ പറയാനും ഗെയിമുകള്‍ കളിക്കാനുമുള്ള അവസരമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

കാലഹരണപ്പെട്ട ഈ ആചാരത്തിനെതിരെ പലരും സോഷ്യല്‍ മീഡിയയില്‍ ശബ്ദമുയര്‍ത്തി. ഒരു വ്യക്തി എഴുതി, ‘മറ്റൊരാളുടെ കഷ്ടപ്പാടുകളില്‍ നിങ്ങളുടെ സന്തോഷം കെട്ടിപ്പടുക്കുന്നത് യഥാര്‍ത്ഥത്തില്‍ വെറുപ്പുളവാക്കുന്നതാണ്.’വധുവിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ആരു ഏറ്റെടുക്കും എന്ന് മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു. മൂന്നാമതൊരാള്‍ പോസ്റ്റ് ചെയ്തു, ‘ഈ അശ്ലീലമായ വിവാഹ ആചാരങ്ങള്‍ ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പുകളാണ്. മറ്റുള്ളവരെ വേദനിപ്പിക്കുന്നതിന് ഒരു ന്യായീകരണവുമില്ല.’

എന്നാല്‍ വീഡിയോ വിവാദമയാതോടെ യാങ്ങും ഇതില്‍ ഉള്‍പ്പെട്ട മറ്റുള്ളവരും തങ്ങളുടെ പ്രവൃത്തികള്‍ക്ക് മാപ്പ് പറഞ്ഞതായി അവകാശപ്പെട്ട് പ്രാദേശിക സര്‍ക്കാര്‍ പ്രസ്താവന ഇറക്കി. നാഗരികമായ വിവാഹ ആചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും , കാലഹരണപ്പെട്ട ആചാരങ്ങള്‍ ഉപേക്ഷിക്കാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *