Oddly News

വിവാഹശേഷം വധു അഞ്ചു ദിവസത്തേക്ക് വസ്ത്രം ധരിക്കാറില്ല, ഇങ്ങനെയും ആചാരങ്ങളോ? കൗതുകമായി ഒരു ഇന്ത്യൻ ഗ്രാമം

വൈവിധ്യമാർന്ന സംസ്കാരം കൊണ്ടും ആചാര അനുഷ്ഠാനങ്ങൾ കൊണ്ടും ലോകരാഷ്ട്രങ്ങൾക്കിടയിൽ പേരുകേട്ട രാജ്യമാണ് ഇന്ത്യ. എന്നാൽ ഇന്ത്യക്കുള്ളിൽ തന്നെ ഓരോ സംസ്ഥാനങ്ങളും അവരുടേതായ പരമ്പരാഗത രീതികളാണ് പിന്തുടർന്നുപോരുന്നത്. പ്രത്യേകിച്ചും വിവാഹ കാര്യങ്ങളിൽ. അതിനാൽ ഓരോ സംസ്ഥാനത്തുമുള്ള വിവാഹ ആചാരങ്ങളും പാരമ്പര്യങ്ങളും ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ചില പ്രദേശങ്ങളിൽ വിവാഹശേഷം വസ്ത്രങ്ങൾ കീറുന്നത് ഉൾപ്പെടുന്ന ആചാരങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ മറ്റുചില സ്ഥലങ്ങളിൽ, വധൂവരന്മാരെ മുറിയിൽ ഇട്ട് പൂട്ടുന്നതടക്കമുള്ള ചടങ്ങുകൾ നിലനിൽക്കുന്നു.

ഇന്ത്യയുടെ പല ഭാഗങ്ങളിലും വിവാഹ ചടങ്ങുകൾ ആഡംബരവും വിനോദവും ആഘോഷവും നിറഞ്ഞതാണ്. കൂടാതെ, ഇന്ത്യൻ വിവാഹങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തങ്ങളിൽ ഒന്ന് വധുവും വരനും നടത്തുന്ന ആചാരങ്ങളാണ്. ചില ആചാരങ്ങൾ വിവാഹത്തിന് മുമ്പും ചിലത് വിവാഹ സമയത്തും മറ്റുള്ളവ വിവാഹശേഷവും നടക്കുന്നവയാണ്. ചില പ്രദേശങ്ങളിൽ, വരന്റ വസ്ത്രങ്ങൾ കീറുന്നതിൽ മുഴുവൻ കുടുംബവും പങ്കെടുക്കാറുണ്ട്. ചില ഇടങ്ങളിൽ , വരനെ പൂക്കളോ മാലകളോ നൽകി സ്വാഗതം ചെയ്യുന്നു, മറ്റുചില നാട്ടിൽ , തക്കാളി എറിഞ്ഞുകൊണ്ട് വിവിധ ആചാരങ്ങൾ നടത്തുന്നു.

എന്നാൽ ഇതിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമായ ഒരു വിവാഹ പാരമ്പര്യമാണ് ഏറെ ശ്രദ്ധനേടുന്നത്. ആചാരം എന്തെന്നാൽ ഹിമാചൽ പ്രദേശിലെ ചില ഗ്രാമങ്ങളിൽ , വിവാഹത്തിന് ശേഷം ഒരാഴ്ച വധു വസ്ത്രം ധരിക്കാറില്ലത്രേ. വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചയിൽ നവവധുവിന് വസ്ത്രം ധരിക്കാൻ കഴിയാത്ത ആചാരമാണ് ഈ ഗ്രാമത്തില്‍ നിലനില്‍ക്കുന്നത്. ഈ സമയങ്ങളിൽ , ഭാര്യാഭർത്താക്കന്മാർക്ക് പരസ്പരം സംസാരിക്കാൻ അനുവാദമില്ല, ഇരുവരും പരസ്പരം അകന്നുകഴിയണം എന്നാണ് നിയമം.

പറഞ്ഞുവരുന്നത് ഹിമാചൽ പ്രദേശിലെ മണികരൺ താഴ്‌വരയിലെ പിനി ഗ്രാമതെക്കുറിച്ചാണ്. ഇവിടെ ഇപ്പോഴും ഈ പാരമ്പര്യം പിന്തുടരുന്നുണ്ട്. ഈ സമയത്ത് വരനും പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. പിനി ഗ്രാമത്തിൽ, വിവാഹശേഷം, വധു വസ്ത്രമില്ലാതെ തുടരണം, ഈ കാലയളവിൽ കമ്പിളികൊണ്ടുള്ള ഒരു ബെൽറ്റ് മാത്രമേ ധരിക്കാൻ സമ്മതിക്കുകയുള്ളു.

അഞ്ച് ദിവസങ്ങളിൽ വസ്ത്രം ധരിക്കാത്ത പിനി ഗ്രാമത്തിലെ സ്ത്രീകൾ ആചരിക്കുന്ന പാരമ്പര്യത്തോട് സമാനമാണ് വിവാഹശേഷമുള്ള ഈ ആചാരവും. ഈ ചടങ്ങിൽ സ്ത്രീകളും പുരുഷന്മാരും അഞ്ച് ദിവസങ്ങളിൽ ചില നിയമങ്ങൾ പാലിക്കേണ്ടിവരുന്നു. സ്ത്രീകൾ അഞ്ച് ദിവസത്തേക്ക് വസ്ത്രം ധരിക്കാതെ ഇരിക്കുമ്പോൾ പുരുഷന്മാർ ഈ സമയത്ത് മദ്യം കഴിക്കാനും പാടുള്ളതല്ല.

കൂടാതെ, വിവാഹത്തിന് ശേഷമുള്ള ആദ്യ ആഴ്ചയിൽ മദ്യവും മാംസവും സ്പർശിക്കുന്നതിൽ നിന്നും പുരുഷന്മാർക്ക് വിലക്കുണ്ട്. വധൂവരന്മാർ ഈ ആചാരങ്ങൾ പാലിച്ചാൽ അവർക്ക് ഭാഗ്യം ലഭിക്കുമെന്നാണ് ഈ ഗ്രാമം വിശ്വാസിച്ചുപോരുന്നത്.