Crime

ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിയെ കുരങ്ങിന്‍കൂട്ടം ആക്രമിച്ച് ഓടിച്ചു

ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിയെ കുരങ്ങുകള്‍ കൂട്ടത്തോടെ ആക്രമിച്ച് ഓടിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത് നഗരത്തില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അജ്ഞാതനായ പ്രതിക്കെതിരെ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുകെജി ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് അപകടത്തില്‍ പെട്ടത്.

ശനിയാഴ്ച നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയെ ഒരു അജ്ഞാതന്‍ ഒരു ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അവന്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. യുവാവ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു കൂട്ടം കുരങ്ങുകള്‍ അയാള്‍ക്ക് നേരെ പാഞ്ഞടുക്കുകയും ആക്രമിക്കുകയും ആയിരുന്നു. തുടര്‍ന്ന് കുട്ടിയെ ഉപേക്ഷിച്ച് അയാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി.

വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എങ്കിലും ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളില്‍ യുവാവ് കുട്ടിയുമായി ഇടുങ്ങിയ വഴിയിലൂടെ പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് വിവരം കിട്ടിയിട്ടുണ്ടെന്നും അന്വേഷണം നടത്തുകയാണെന്നും ബാഗ്പത് സര്‍ക്കിള്‍ ഓഫീസര്‍ ഹരീഷ് ഭഡോറിയ പറഞ്ഞു. കുറ്റവാളി മറ്റൊരു ഗ്രാമത്തിലെ താമസക്കാരനാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ആദ്യം പെണ്‍കുട്ടിയെ മതപരമായ കെട്ടിടത്തിന് സമീപത്തെ തെരുവിലേക്കും പിന്നീട് ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്കും കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. എതിര്‍ത്താല്‍ തന്നെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു.