Oddly News

സോഷ്യല്‍ മീഡിയയില്‍ അത്ര നെഗളിക്കേണ്ട! വനിതാ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി, ഒരു പോസ്റ്റും നല്‍കാതെ

സോഷ്യല്‍മീഡിയയില്‍ അനേകം ഫോളോവേഴ്സിനെ സമ്പാദിച്ച സ്റ്റാറായി നില്‍ക്കുന്നു എന്ന കാരണത്താല്‍ ഹിമാചല്‍ പ്രദേശില്‍ ഉദ്യോഗസ്ഥയെ പോസ്റ്റ് പോലും നിശ്ചയിക്കാതെ സ്ഥലംമാറ്റി. 32 കാരിയായ ഹിമാചല്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസ് (എച്ച്എഎസ്) ഓഫീസര്‍ ഒഷിന്‍ ശര്‍മ്മയെയാണ് നിയുക്ത പോസ്റ്റിംഗില്ലാതെ സ്ഥലംമാറ്റിയത്. സംഭവം ഓണ്‍ലൈനില്‍ വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രതിഷേധം വര്‍ധിക്കുമ്പോഴും എന്തുകൊണ്ടാണ് ശര്‍മ്മയെ സ്ഥലം മാറ്റിയതെന്നോ എന്തുകൊണ്ടാണ് അവര്‍ക്ക് പുതിയ പോസ്റ്റിംഗ് നല്‍കാത്തതെന്നോ ഭരണകൂടം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജോലിയിലെ പ്രകടനം തൃപ്തികരമല്ലെന്നും ഭരണപരമായ കാരണങ്ങളാലാണ് ശര്‍മ്മയെ സ്ഥലം മാറ്റിയതെന്നും മാണ്ഡിയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അനേകം ഫോളോവേഴ്സുള്ളയാളാണ് ഈ യുവ ഓഫീസര്‍. എക്സില്‍ 1.9 ലക്ഷം ഫോളോവേഴ്‌സ്, ഇന്‍സ്റ്റാഗ്രാമില്‍ 3.5 ലക്ഷം ഫോളോവേഴ്‌സ്, ഫേസ്ബുക്കില്‍ 2.96 ലക്ഷം ഫോളോവേഴ്‌സ്, ഒഷിന്‍ ശര്‍മ്മ പബ്ലിക് ഗ്രൂപ്പുകളുടെ പേരിലുള്ള 1.28 ലക്ഷം ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം പ്ലാറ്റ്‌ഫോമുകളില്‍ അവര്‍ക്ക് 8.8 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.
ചുമതലകള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ശര്‍മയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അവരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങളെ തടസ്സപ്പെടുത്തിയെന്നും ഇത് ഭരണപരമായ ജോലികളില്‍ കാലതാമസമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ സാമൂഹിക ക്ഷേമം, പരിസ്ഥിതി, പഞ്ചായത്ത് യോജന എന്നിവയുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ പ്രശംസനീയമായ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി മേഖലയിലെ പലരും ഹിമാചലിലെ ഏറ്റവും കഠിനാധ്വാനികളായ ഓഫീസര്‍മാരില്‍ ഒരാളായി ഒഷിനെ കണക്കാക്കുന്നുമുണ്ട്.

ചമ്പ ജില്ലയിലെ ഭര്‍മൂര്‍ ഗോത്രമേഖലയിലെ ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ നിന്നുള്ള ഒഷിന്‍ ശര്‍മ്മ മുമ്പ് ബിജെപിയുടെ മുന്‍ നിയമസഭാംഗമായ വിശാല്‍ നെഹ്രിയയെ വിവാഹം കഴിച്ചിരുന്നു. 2021 ഏപ്രിലില്‍ വിവാഹിതായെങ്കിലും മുന്‍ ഭര്‍ത്താവ് തന്നെ ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയമാക്കിയതായി ശര്‍മ്മ ആരോപിച്ചിരുന്നു. വിവാഹിതരായി രണ്ടുമാസത്തിനുള്ളില്‍ തന്നെ 2021 ജൂണില്‍ ധര്‍മ്മശാല എംഎല്‍എ ആയിരുന്ന ഭര്‍ത്താവിനെതിരേ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ആരോപിച്ച് ഓഷിന്‍ ശര്‍മ്മ രംഗത്തുവന്നു. നെഹ്‌റിയ തന്റെ വീട്ടുകാരുടെ മുന്നില്‍ വെച്ച് തന്നെ തല്ലിച്ചതച്ചുവെന്നും വിവാഹത്തിന് മുമ്പുതന്നെ തന്നെ ദീര്‍ഘനാള്‍ ദുരുപയോഗം ചെയ്തെന്നും തുടങ്ങി വിവിധ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 11 മിനിറ്റ് വീഡിയോ പുറത്തുവിട്ടിരുന്നു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹിമാചല്‍ ഉദ്യോഗസ്ഥന്‍ ഒഷിന്‍ ശര്‍മ്മ മാത്രമല്ല. മറ്റൊരു ഹിമാചല്‍ പ്രദേശ് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (എച്ച്പിഎഎസ്) ഉദ്യോഗസ്ഥയും മുന്‍ മോഡലുമായ ജ്യോതി റാണയ്ക്ക് ഫേസ്ബുക്കില്‍ 22,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഹിമാചല്‍ പ്രദേശ് പോലീസ് ഇന്‍സ്പെക്ടര്‍ പ്രിയങ്ക നേഗിക്ക് പോലും ഫേസ്ബുക്കില്‍ 92,200 ഫോളോവേഴ്‌സ് ഉണ്ട്. സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് ജീവനക്കാരിയും നാടോടി ഗായകനുമായ കര്‍ണാല്‍ റാണയ്ക്ക് യൂട്യൂബില്‍ 68,500 ഫോളോവേഴ്‌സ് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *