Oddly News

3708 അപ്പാര്‍ട്ടുമെന്റുകള്‍, 35 വാതിലുകള്‍; റഷ്യയിലെ കുപ്രസിദ്ധമായ ഏറ്റവും വലിയ പാര്‍പ്പിട സമുച്ചയം

റഷ്യയിലെ ലെനിന്‍ഗ്രാഡിലെ കുഡ്രോവോ പട്ടണത്തില്‍, 3708 അപ്പാര്‍ട്ടുമെന്റുകളും 35 വ്യത്യസ്ത പ്രവേശന കവാടങ്ങളും ഉള്‍ക്കൊള്ളുന്ന ഓവല്‍ ആകൃതിയിലുള്ള ഭീമാകാരമായ പാര്‍പ്പിട സമുച്ചയം അമ്പരപ്പിക്കുന്ന ഒരു കാഴ്ചയാണ്. രാജ്യത്തെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ കെട്ടിടമായ ‘ഉറുമ്പിന്‍കൂടി’നോടാണ് ഈ കെട്ടിടം ഉപമിക്കപ്പെടുന്നത്. കാരണം 18,000 പേരോളം ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ താമസിക്കുന്നത്.

കുഡ്രോവോയുടെ പ്രാന്തപ്രദേശത്തുള്ള ‘നോവി ഒക്കര്‍വില്‍’ എന്ന കൂറ്റന്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിന്റെ ഭാഗമായി 2015-ല്‍ പൂര്‍ത്തിയാക്കിയ റഷ്യയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗാണിത്. 2021-ലാണ് ഈ കെട്ടിടത്തിന് അന്താരാഷ്ട്ര പ്രശസ്തി ലഭിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട പാര്‍പ്പിട സമുച്ചയം പെട്ടെന്ന് വൈറലാകുകയും ധാരാളം കമന്റുകള്‍ ലഭിക്കുകയും ചെയ്തു.

അതേസമയം ഇതില്‍ താമസിക്കുന്നവരുള്‍പ്പെടെ ഇട്ട ചില നെഗറ്റീവ് കമന്റുകളും ശ്രദ്ധേയമായി. റഷ്യയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ കെട്ടിടമാണെങ്കിലും ഇവിടെ ഒരുവശത്ത് സൂര്യപ്രകാശം എത്താത്തതിനാല്‍ ഇരുണ്ട സ്ഥലമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് വാസ്തുവിദ്യാ ശൈലിയുള്ള കെട്ടിടത്തിന്റെ താഴത്തെ അപ്പാര്‍ട്ടുമെന്റുകളില്‍ സൂര്യപ്രകാശം ശരിക്കു കിട്ടുന്നില്ലെന്നതാണ് താമസക്കാരുടെ ആവലാതി. ഈ കൂറ്റന്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ താമസക്കാര്‍ക്ക് പാഴ്‌സലുകള്‍ എത്തിക്കുന്നത് കൊറിയര്‍മാര്‍ക്ക് പേടിസ്വപ്‌നമാണ്. ഇത്രയധികം താമസക്കാരും വാതിലുകളുമുള്ള ഈ കെട്ടിടത്തിലെ ഉപഭോക്താവിനെ കണ്ടെത്തുന്നത് വൈക്കോല്‍ കൂനയില്‍ ഒരു സൂചി കണ്ടെത്തുന്നതുമായിട്ടാണ് താരതമ്യം ചെയ്യപ്പെടുന്നത്.

ഒരു അപ്പാര്‍ട്ട്‌മെന്റിലെത്താന്‍ 25 നിലകള്‍ പിന്നിടണമെന്നതാണ് ഒരു വെല്ലുവിളി. വേഗത്തില്‍ സഞ്ചരിക്കുന്ന ധാരാളം എലിവേറ്ററുകള്‍ കൊണ്ടാണ് ഈ പ്രശ്‌നം പരിഹരിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ കെട്ടിടമായ ഹാങ്ഷൗവിലെ റീജന്റ് ഇന്റര്‍നാഷണല്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടവുമായിട്ടാണ് ഇതിനെ താരതമ്യം ചെയ്യുന്നത്. 20,000-ത്തോളം ആളുകളാണ് ഈ കെട്ടിടത്തില്‍ താമസിക്കുന്നത്.