Oddly News

രണ്ടാം നിലയില്‍ നിന്ന് എസി തലയിലേക്ക് വീണു ; 18 കാരന് ദാരുണാന്ത്യം

കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് എയര്‍ കണ്ടീഷനിംഗ് യൂണിറ്റ് വീണ് 18 കാരന്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ കരോള്‍ ബാഗ് ഏരിയയില്‍ നടന്ന സംഭവത്തല്‍ ജിതേഷ് ഛദ്ദ എന്ന 18 കാരനാണ് മരിച്ചത്. ജിതേഷ് തന്റെ സുഹൃത്തായ 17 കാരനായ പ്രാന്‍ഷുവിനോട് സംസാരിച്ചുകൊണ്ടിരിക്കെ വൈകുന്നേരം 6:40 നാണ് അപകടമുണ്ടായത്. സംഭവം സിസിടിവിയില്‍ പതിഞ്ഞിരുന്നു.

ജിതേഷ് തന്റെ സ്‌കൂട്ടറില്‍ ഇരുന്ന് സുഹൃത്തുമായി സംസാരിക്കുമ്പോള്‍ ഔട്ട്‌ഡോര്‍ എസി യൂണിറ്റ് മുകളിലേക്ക് വീഴുകയായിരുന്നു. ജിതേഷിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തിലേക്ക് നയിച്ച അശ്രദ്ധയുടെ ഫലമായി 125 (എ), 106 വകുപ്പുകള്‍ പ്രകാരം പോലീസ് ദേശ് ബന്ധു ഗുപ്ത പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ഫോറന്‍സിക് വിഭാഗം തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. ഇത് അശ്രദ്ധ മൂലമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഏറ്റവും പുതിയ വേനല്‍ക്കാലത്ത് എസികളുടെ കാര്യത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ദിവസമാണ് ഗുരുഗ്രാമില്‍ കിടപ്പുമുറിയിലെ എയര്‍ കണ്ടീഷണറില്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് 37കാരന്‍ വെന്തുമരിച്ചത്.