Sports

നടക്കാൻ ബുദ്ധിമുട്ടി അവശനിലയിൽ വിനോദ് കാംബ്ലി? സച്ചിനോട് സഹായം അഭ്യര്‍ത്ഥിച്ച് ആരാധകര്‍

ആരാധകരെ ആശങ്കയിലാഴ്ത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വൈറലകുന്നു. 52കാരനായ താരം നേരെ നില്‍ക്കാന്‍പോലും ബുദ്ധിമുട്ടുകയും തുടര്‍ന്ന് ഇത് ശ്രദ്ധിച്ച വഴിയാത്രക്കാര്‍ അദ്ദേഹത്തെ പിടിച്ചുകൊണ്ട് നടക്കാന്‍ സഹായിക്കുന്നതും വീഡിയോയില്‍ കാണാം.

കാംബ്ലിയുടെ ആരോഗ്യനില വഷളായതില്‍ ആശങ്കാകുലരായ ആരാധകര്‍ അദ്ദേഹത്തിന്റെ സുഹൃത്തും ബാറ്റിംഗ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറോട് സഹായത്തിനായി സോഷ്യല്‍ മീഡിയയില്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വീഡിയോ വിനോദ് കാംബ്ലിയുതേുതന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 2013-ല്‍ മുംബൈയില്‍ ഡ്രൈവിങ്ങിനിടെ ഉണ്ടായ ഹൃദയാഘാതംമുതല്‍ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ട്. ഒരു വര്‍ഷം മുമ്പ് ആന്‍ജിയോപ്ലാസ്റ്റിക്കും വിധേയനായിരുന്നു. വീഡിയോയ്ക്ക് താഴെ കാംബ്ലിയെ സഹായിക്കാന്‍ ആവശ്യപ്പെട്ട് സച്ചിന്‍ തെണ്ടുല്‍ക്കറെ ടാഗ് ചെയ്തവരും നിരവധിയുണ്ട്.

സച്ചിനും കാംബ്ലിയും യഥാക്രമം വളരെ ചെറുപ്പത്തിലേ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും മുംബൈയിലെ അന്തരിച്ച രമാകാന്ത് അച്രേക്കറുടെ ശിഷ്യരുമാണ്. പിന്നീട് ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കുവേണ്ടി കളിച്ചു. 1989 നവംബറില്‍ സച്ചിന്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു, 1991 ല്‍ ഷാര്‍ജയില്‍ നടന്ന ഏകദിന മത്സരത്തിലാണ് കാംബ്ലി ആദ്യമായി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്. തൊണ്ണൂറുകളിലെ ഇന്ത്യന്‍ ക്രിക്കറ്റിലെ വിസ്മയമായിരുന്നു കാംബ്ലി. 1991 നും 2000 നും ഇടയില്‍ 104 ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കാംബ്ലി 32.59 ശരാശരിയില്‍ 14 അര്‍ധസെഞ്ചുറികളും രണ്ട് സെഞ്ചുറികളും സഹിതം 2477 റണ്‍സ് നേടി. 17 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അദ്ദേഹം 54.20 ശരാശരിയില്‍ നാല് സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും സഹിതം 1084 റണ്‍സ് നേടി.

24 വയസ്സ് തികയുന്നതിന് മുമ്പ് 1995 ല്‍ അവസാന ടെസ്റ്റ് മത്സരം കളിച്ച കാംബ്ലി 2000 ഒക്ടോബറിനു ശേഷം ഏകദിന ടീമിലേക്ക് തിരിച്ചുവന്നില്ല, 2009 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പിന്നീട് 2011 ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. സച്ചിനാകട്ടെ, 200 ടെസ്റ്റുകളിലും 463 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു, 34,000-ത്തിലധികം അന്താരാഷ്ട്ര റണ്‍സ്, സെഞ്ച്വറികളുടെയും 164 അര്‍ധസെഞ്ചുറികളുടെയും അകമ്പടിയോടെ. 2013ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.