Healthy Food

ദിവസവും ഒരു സ്പൂൺ വെണ്ണ കഴിക്കാമോ? ഔഷധസമ്പുഷ്‌ടം, ഗുണങ്ങള്‍ എണ്ണിയാല്‍ തീരില്ല

ഏറെ ഔഷധസമ്പുഷ്‌ടമായ പാലുല്‌പന്നമായ വെണ്ണ ദേഹത്തിന്‌ നിറവും ശക്‌തിയും ബലവും നല്‍കുന്നു. വെണ്ണയുടെ ഉപയോഗം വാതം, രക്‌തപിത്തം, അര്‍ശസ്‌, അര്‍ദിതം എന്ന വാതരോഗം, ക്ഷയം ഇവയെ ശമിപ്പിക്കുന്നതായി ആയുര്‍വേദം വിവരിക്കുന്നു.ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും വെണ്ണ നല്ലതാണ്‌.

ഔഷധഗുണം

പശുവിന്‍ വെണ്ണ ശിശുകള്‍ക്ക്‌ അമൃതുപോലെ ഗുണമുള്ളതായി വിവരിക്കുന്നു. വയറുവേദനയുള്ളപ്പോള്‍ വെണ്ണ എരിക്കിന്റെ ഇലയില്‍ തേച്ച്‌ വയറ്റത്‌ പതിച്ചിട്ടാല്‍ വേദന മാറും. മൈഗ്രേയ്നുള്ളവർ ദിവസവും ഒരു സ്പൂൺ വെണ്ണ കഴിക്കുന്നത് ​ഏറെ നല്ലതാണ്.
വാഴയിലമേല്‍ വെണ്ണ പുരട്ടി തീപ്പൊള്ളലുള്ളിടത്ത്‌ പതിക്കാറുണ്ട്‌. വിറ്റാമിന്‍ ബിയുടെ കുറവു നിമിത്തം വരുന്ന ബെറി-ബെറി എന്ന ശരീരം ക്ഷീണിച്ചു പോകുന്ന രോഗാവസ്‌ഥകളില്‍ വെണ്ണ ധാരാളമായി ഉപയോഗിക്കുന്നത്‌ ഫലപ്രദമാണ്‌.

രുചികൂട്ടാന്‍ വെണ്ണ

വിവിധ ബേക്കറി ഉല്‍പ്പന്നങ്ങളില്‍ വെണ്ണ പ്രധാന ഘടകമാണ്‌. വെണ്ണ ചേര്‍ത്തു തയാറാക്കുന്ന കോഴി – ബട്ടര്‍ ഏറെ രുചികരമാണ്‌. നാരസിഹരസായനം എന്ന ആയുര്‍വേദ മരുന്നിലും വെണ്ണ പ്രാധാന്യത്തോടെ ചേര്‍ക്കുന്നുണ്ട്‌.
ദേഹപോഷണത്തിനും തലമുടി കറുത്തു നന്നായി വളരുന്നതിനും ക്ഷീണമകറ്റാനും രസായന ഗുണത്തോടെ നിര്‍ദേശിക്കുന്ന ഔഷധമാണ്‌

നാരസിംഹരസായനം.

ഭഗവതി പ്രീതിക്കായി വെണ്ണ നിവേദ്യമായി അര്‍പ്പിക്കുന്നതും വിഗ്രഹത്തില്‍ വെണ്ണ ചാര്‍ത്തുന്നതും വെണ്ണകൊണ്ട്‌ ഭഗവത്‌ രൂപങ്ങള്‍ തയാറാക്കുന്നതുമായി ആത്മീയതലത്തിലും മുന്‍നിരയില്‍ നില്‍ക്കുന്ന വിശിഷ്‌ട ഭോജ്യം തന്നെയാണ്‌ വെണ്ണ.

നിറവും ഗുണവും

വെണ്ണയുടെ ഭംഗിയും നിറവും മനസിനെ ശാന്തമാക്കാനുള്ള കഴിവും ഏറെ ശ്രദ്ധയമാണ്‌. വെണ്ണക്കല്‍ പ്രതിമ തുടങ്ങിയ വര്‍ണ്ണനകളില്‍ വെണ്ണയുടെ സ്വീകാര്യത സൂചിപ്പിക്കുന്നു.

കുരുവില്ലാത്ത കടുക്കയുടെ ഉള്ളില്‍ വെണ്ണ നിറച്ച്‌ ചിറ്റാമൃതിന്റെ ഇലകൊണ്ട്‌ കെട്ടി മണ്ണ്‌ അരച്ച്‌ തേച്ച്‌ ചുട്ടെടുത്ത്‌ അരച്ച്‌ തയാറാക്കുന്ന കടുക്കവെണ്ണ ഏത്‌ കുരുക്കളും പൊട്ടിപോകുന്നതിനും ഉണങ്ങി പോകുന്നതിനും സഹായകരമാണ്‌.
ജനിച്ച കുട്ടിക്ക്‌ വെണ്ണ തേച്ച്‌ വടിച്ചെടുക്കുന്നത്‌ നല്ലതാണ്‌. ഉറക്കക്കുറവിനും മനസിന്റെ പിരിമുറുക്കം കുറയ്‌ക്കുന്നതിനും വെണ്ണ പാദത്തിന്‌ അടിയില്‍ തേക്കുന്നത്‌ ഗുണകരമാണ്‌. ചെറുപയര്‍ വേവിച്ച്‌ വെണ്ണ ചേര്‍ത്ത്‌ കഴിക്കുന്നത്‌ കൈ പൊക്കാന്‍ കഴിയാത്ത വാതരോങ്ങളില്‍ വളരെ ഫലപ്രദമാണ്‌.

ചൂടുകുരുവില്‍ നിന്നും സംരക്ഷണം

വേനല്‍കാല ചൂടുകുരുക്കളില്‍ വെണ്ണ പുറമെ പുരുട്ടുന്നത്‌ നല്ലതാണ്‌. മലദ്വാരത്തിന്‌ സമീപം വിള്ളലുകള്‍ രൂപപ്പെട്ട്‌ വേദനയും രക്‌തംപോക്കും ഉണ്ടാകുന്ന അവസ്‌ഥകളില്‍ വെണ്ണ പുറമെ പുരട്ടാവുന്നതാണ്‌. കാല്‍പാദം വിണ്ടുകീറുന്നിടത്ത്‌ വെണ്ണ പുരുട്ടുന്നത്‌ ആശ്വാസകരമാണ്‌.


കൈപ്പത്തിയും ചുണ്ടും വരണ്ടുപോകുകയും വിണ്ടുകീറുകയോ ചെയ്യുമ്പോള്‍ വെണ്ണ ഫലപ്രദമാണ്‌. അടുക്കളയില്‍ ഈ സൗമ്യശീലന്‍ നിരവധി ചികിത്സാ ഗുണങ്ങളുള്ള അമൂല്യ ഔഷധസമ്പത്താണ്‌.