Oddly News

ചൈനയിലെ ലവ് ഗുരുവിന്റെ ക്ലാസ്സിന് വന്‍ തിരക്ക്; പണക്കാരെ വലയിലാക്കാനുള്ള ലവ് ട്രിക്കുകള്‍ പഠിപ്പിക്കും

ചൈനയിലെ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സറായ ‘ക്യൂ ക്യൂ’ എന്ന ‘ലെ ചുവാന്‍ക്’ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സംസാരവിഷയമായി മാറിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് ഡേറ്റിംഗും പ്രണയോപദേശവും നല്‍കുന്നതില്‍ വൈദഗ്ധ്യമുള്ള ഇവര്‍ സമ്പന്നരായ പുരുഷന്മാരെ എങ്ങിനെ വലയിലാക്കാം എന്ന കാര്യത്തിലാണ ക്ലാസെടുക്കുന്നത്. പക്ഷേ കൃത്യമായ പ്രതിഫലം കൊടുക്കണം.

ചൈനയിലെ ഈ ലവ് ഗുരുവിന്റെ ക്ലാസ്സിന് ഇന്റര്‍നെറ്റില്‍ വന്‍ തിരക്കാണ്. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ ഫോളോവേഴ്‌സിന് സമ്പന്നരെ സ്വന്തമാക്കാനുള്ള ലവ് ട്രിക്കും ഡേറ്റിംഗും റിലേഷന്‍ ഉപദേശങ്ങളും വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്റര്‍നെറ്റിലെ മറ്റ് പല ഡേറ്റിംഗ് ഗുരുക്കന്മാരില്‍ നിന്നും ക്യു ക്യൂവിനെ വ്യത്യസ്തമാക്കിയത് സാമ്പത്തികമുണ്ടാക്കാന്‍ എങ്ങിനെ പ്രണയത്തെ ഉപയോഗപ്പെടുത്താമെന്നു നല്‍കുന്ന കനപ്പെട്ട ഉപദേശങ്ങളാണ്. പ്രണയവും വിവാഹങ്ങളും സാമൂഹികവും സാമ്പത്തികവുമായ നിലയിലേയ്ക്ക് കയറുന്നതിനുള്ള പടവുകളാണെന്നും അതിനാല്‍ ആവശ്യമുള്ള ഫലങ്ങള്‍ നേടുന്നതിന് അവ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണമെന്നും ഇവര്‍ പറയുന്നു.

എന്തായാലും പ്രതിവര്‍ഷം 142 ദശലക്ഷം യുവാന്‍ (19 ദശലക്ഷം ഡോളര്‍) സമ്പാദിക്കുന്ന വിവാദ ‘ലവ് മാസ്റ്റര്‍’ ചൈനയിലെ ഏറ്റവും സാമ്പത്തികമായി വിജയിച്ച ഇന്റര്‍നെറ്റ് സെലിബ്രിറ്റികളില്‍ ഒരാളാണ്. ഇവരുടെ തത്സമയ സ്ട്രീമുകളില്‍ ഒരു കണ്‍സള്‍ട്ടേഷന് 1,143 യുവാന്‍ (155 ഡോളര്‍) ഈടാക്കുന്നു, ജനപ്രിയ കോഴ്സുകള്‍ക്ക് മറ്റൊരു 3,580 യുവാന്‍ (493 ഡോളര്‍) ചിലവാകും. വ്യക്തിപരമായി പ്രൈവറ്റ് കോച്ചിംഗിനായി തിരയുകയാണെങ്കില്‍, പാക്കേജുകള്‍ 10,000 യുവാന്‍ (1,380 ഡോളര്‍) മുതല്‍ ആരംഭിക്കുന്നു. .

ക്യു ക്യുവിന്റെ ഓരോവാക്കിനും കാതോര്‍ക്കുന്ന ആരാധകരുടെ ഒരു വന്‍പട തന്നെയുണ്ട്. ക്യൂക്യൂവിന്റെ വിവാദ ആശയങ്ങളും ഡേറ്റിംഗ് സമീപനവും ചൈനീസ് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചൈനയിലെ തത്സമയ സ്ട്രീമിംഗ് നിയമങ്ങള്‍ ലംഘിക്കാതിരിക്കാന്‍, പ്രണയ ഗുരു എല്ലാം കോഡിലാണ് അവതരിപ്പിക്കുന്നത്. വിവാഹത്തെ ‘കോട്ടയ്ക്കുള്ളില്‍’ എന്നാണ് പരാമര്‍ശിക്കുന്നത്. പണത്തിനെ ‘അരി’ എന്നും ഗര്‍ഭത്തെ ‘ഒരു പന്ത് ചുമക്കല്‍’ എന്നുമൊക്കെയാണ് ഈ കോഡുകളില്‍ പരാമര്‍ശിക്കുന്നത്.