സോള്‍: ഉത്തര കൊറിയ ദക്ഷിണകൊറിയയെ ലക്ഷ്യമിട്ട് അയയ്ക്കാറുള്ള മാലിന്യ ബലൂണുകള്‍ കാണം ദക്ഷിണ കൊറിയയില്‍ വിമാനഗതാഗതം തടസ്സപ്പെട്ടത് മൂന്ന് മണിക്കൂര്‍. ഇഞ്ചിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ 2 ന് സമീപത്തെ റണ്‍വേയില്‍ ബലൂണ്‍ വന്നിറങ്ങിയതോടെ അവ താല്‍ക്കാലികമായി അടയ്ക്കുകയായിരുന്നു. ഇതോടെ ബുധനാഴ്ച പുലര്‍ച്ചെ നടക്കേണ്ടിയരുന്ന ടേക്ക്ഓഫുകളും ലാന്‍ഡിംഗുകളും മൂന്ന് മണിക്കൂര്‍ തടസ്സപ്പെട്ടതായി വിമാനത്താവള വക്താവ് പറഞ്ഞു.
മെയ് അവസാനം മുതല്‍ ഉത്തരകൊറിയ ദക്ഷിണകൊറിയയിലേക്ക് ബലൂണുകള്‍ പറത്തുന്നുണ്ട്. ഇത്തരം നൂറു കണക്കിന് ബലൂണുകളാണ് ദക്ഷിണ കൊറിയയില്‍ ലാന്‍ഡ് ചെയ്തത്. ഉത്തരകൊറിയയുമായി ദക്ഷിണ കൊറിയ പങ്കുവെയ്ക്കുന്ന രാജ്യാന്തര അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലത്തിലാണ് ഇഞ്ചിയോണ്‍ വിമാനത്താവളം. അതിന്റ അതിര്‍ത്തിയിലും പരിസരത്തും നൂറുകണക്കിന് ബലൂണുകളാണ് കണ്ടെത്തിയത്. അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ക്ക് പുലര്‍ച്ചെ 1:46 നും 4:44 നും ഇടയിലാണ് തടസ്സമുണ്ടായത്, അതിനുശേഷം റണ്‍വേകള്‍ വീണ്ടും തുറന്നതായി ഇഞ്ചിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് എട്ട് ചരക്ക്, യാത്രാ വിമാനങ്ങള്‍ ദക്ഷിണ കൊറിയയിലെ ചിയോങ്ജു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ഷാങ്ഹായില്‍ നിന്നുള്ള ഒരു ചൈന കാര്‍ഗോ ചരക്ക് വിമാനം ചൈനയിലെ യാന്റായിയിലേക്ക് തിരിച്ചുവിടുകയും ചെയ്തു. അതേസമയം വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ബലൂണുകള്‍ തടസ്സപ്പെടുത്തുന്നത് ഇതാദ്യമല്ല.
കിംജോംഗ് ഉന്നിന്റെ വിമര്‍ശകരായ ദക്ഷിണകൊറിയക്കാര്‍ ഉത്തരകൊറിയന്‍ നേതാക്കളെ വിമര്‍ശിക്കുന്ന ലഘുലേഘകള്‍, ഭക്ഷണം, മരുന്ന്, പണം എന്നിവ അടങ്ങിയ ബലൂണുകള്‍ ഉത്തരകൊറിയിയിലേക്ക് സ്ഥിരമായി അയയ്ക്കാറുണ്ട്. ഇത്തരം പ്രചാരണത്തിന് നല്‍കുന്ന മറുപടിയാണ് മാലിന്യം നിറഞ്ഞ ബലൂണുകളെന്ന് ഉത്തരകൊറിയ പറയുന്നു. ഉത്തരകൊറിയന്‍ ബലൂണുകളില്‍ മിക്കവാറും ഹലോ കിറ്റി കഥാപാത്രങ്ങള്‍ അച്ചടിച്ച ലേഖനങ്ങള്‍, കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍, മനുഷ്യവിസര്‍ജ്യവും ചിതലുകളും മറ്റും അടങ്ങിയ മണ്ണ് എന്നിവയൊക്കെയാണ് ഉണ്ടാകാറ്.