Crime

ഹോട്ടല്‍മുറിയില്‍ വനിതാ കോണ്‍സ്റ്റബിളിനൊപ്പം പിടിയിലായ ഡിവൈ.എസ്.പി.യെ തരംതാഴ്ത്തി കോണ്‍സ്റ്റബിളാക്കി

ലഖ്‌നൗ: സഹപ്രവര്‍ത്തകയ്‌ക്കൊപ്പം അസ്വാഭാവിക സാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയ ഉത്തര്‍പ്രദേശ് ഡിവൈ.എസ്.പി.യെ തരംതാഴ്ത്തി. വനിതാ കോണ്‍സ്റ്റബിളിനൊപ്പം പിടിയിലായ ഉന്നാവിലെ ബിഗാപുര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് കൃപാശങ്കര്‍ കനൗജിയെയാണ് കോണ്‍സ്റ്റബിളാക്കി തരംതാഴ്ത്തിയത്. സംഭവം നടന്നിട്ട് മൂന്നുവര്‍ഷമായെങ്കിലും ഇമപ്പാഴാണ് വകുപ്പുതല നടപടി സ്വീകരിച്ചത്.

2021 ജൂലൈയില്‍ അവധിക്ക് അപേക്ഷിച്ചതിനുപിന്നാലെ കനൗജിയയെ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുടുംബപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച അപേക്ഷ മേലധികാരികള്‍ അംഗീകരിച്ചെങ്കിലും കനൗജിയ വീട്ടിലേക്കല്ല പോയത്. പകരം കാണ്‍പൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. ഇതിനൊപ്പം തന്റെ സ്വകാര്യ, ഔദ്യോഗിക മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.


ദുരൂഹ സാഹചര്യത്തില്‍ കനൗജിയയെ കാണാതായതോടെ ഭാര്യ ഉന്നാവിലെ എസ്.പിക്കു മുന്നില്‍ പരാതിയുമായെത്തി. പോലീസ് അന്വേഷണത്തില്‍ കാണ്‍പൂരിലെ ഹോട്ടലിലെത്തിയതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതയായെന്നു കണ്ടെത്തി. ഇതോടെ സഹപ്രവര്‍ത്തകരും ആശങ്കയിലായി.

വിവരം അറിഞ്ഞ് ഉന്നവ് പോലീസ് ഹോട്ടലില്‍ പാഞ്ഞെത്തി. പരിശോധനയില്‍ പോലീസ് ഉന്നതനെ വനിതാ കോണ്‍സ്റ്റബിളിനൊപ്പം കണ്ടെത്തിയത് സേനയ്ക്കും നാണക്കേടായി. ഇരുവരും ഒരുമിച്ച് ഹോട്ടലിലേക്കു കടന്നുവരുന്നതിന്റെയടക്കം സി.സി.ടിവി ദൃശ്യങ്ങള്‍ തുടരന്വേഷണത്തില്‍ നിര്‍ണായകമായി. റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് കൃപാ ശങ്കര്‍ കനൗജിയയെ കോണ്‍സ്റ്റബിളായി തരംതാഴ്ത്താനായിരുന്നു ശിപാര്‍ശ. ഇതനുസരിച്ച് ഗോരഖ്പൂരിലെ പി.എ.സി. ബറ്റാലിയനില്‍ കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിക്കാനാണ് കഴിഞ്ഞദിവസം ഉത്തരവു ലഭിച്ചത്.