Oddly News

കുളത്തില്‍ മണിക്കൂറുകളായി പൊങ്ങിക്കിടന്ന ‘മൃതശരീരം’; പോലീസ് എത്തിയപ്പോള്‍ ജീവന്‍വെച്ചു…! – വീഡിയോ

കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മനുഷ്യശരീരം പോലീസ് വന്നപ്പോള്‍ കടുത്ത ചൂട് സഹിക്കാനാവാതെ വെള്ളത്തില്‍ ഉറങ്ങുന്ന മനുഷ്യനായി. ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ റെഡ്ഡിപുരം കോവേലകുണ്ട എന്ന ഗ്രാമത്തിലാണ് വിചിത്രമായ ഈ സംഭവം. നാട്ടുകാരാണ് പോലീസിനെ വിളിച്ചു വരുത്തിയത്. പോലീസ് എത്തിയപ്പോഴേയ്ക്കും ചലനരഹിതമായി വെള്ളത്തില്‍ കിടന്ന മനുഷ്യന്‍ എഴുന്നേല്‍ക്കുകയും ചെയ്തു.

രാവിലെ 7 മണിക്കാണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മനുഷ്യശരീരം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. അപ്പോള്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ല, എന്നാല്‍ 12 മണി വരെയായിട്ടും ശരീരം അനങ്ങാത്ത നിലയില്‍ തുടര്‍ന്നപ്പോള്‍, ഒടുവില്‍ അധികാരികളെ വീണ്ടും വിളിക്കാന്‍ അവര്‍ തീരുമാനിച്ചു. ഒരു പോലീസ് യൂണിറ്റും എമര്‍ജന്‍സി സര്‍വീസുകളും പെട്ടെന്ന് സംഭവസ്ഥലത്തേക്ക് കുതിച്ചു.

എന്നാല്‍ ഒരു പ്രാദേശിക ക്വാറിയിലെ കഠിനമായ 10 ദിവസത്തെ ജോലിക്ക് ശേഷം, നന്നായി മദ്യപിച്ച് വെള്ളത്തില്‍ ഉറങ്ങിക്കിടക്കുന്നയാളെയാണ് പോലീസ് കണ്ടെത്തിയത് . ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് സുധാകര്‍ ഉദുമൂല ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു ചെറിയ ക്ലിപ്പില്‍, പോലീസ് ഓഫീസര്‍മാരില്‍ ഒരാള്‍ വെള്ളത്തില്‍ നടക്കുന്നതും ഇയാളുടെ ശരീരം കൈകൊണ്ട് വലിക്കുന്നതും കാണിക്കുന്നു, അപ്പോള്‍ പൊങ്ങിക്കിടക്കുന്ന മനുഷ്യന്‍ പെട്ടെന്ന് ജീവന്‍ പ്രാപിച്ചു ! പെട്ടെന്ന് പോലീസിനെ കണ്ടതോടെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ‘മരിച്ചയാള്‍’ പാടുപെടുമ്പോള്‍ ചുറ്റുമുള്ള ആളുകള്‍ പൊട്ടിച്ചിരിക്കുന്നത് കേള്‍ക്കാം.

സമീപത്തെ ക്വാറിയില്‍ 10 ദിവസത്തെ കഠിനാധ്വാനത്തിന് ശേഷം അമിതമായി മദ്യം കഴിച്ചുവെന്നും ‘പൂസ്’കുറയ്ക്കാന്‍ കുളത്തില്‍ കുളിക്കാന്‍ പോകാന്‍ തീരുമാനിച്ചെന്നും ‘ഉയിര്‍ത്തെഴുന്നേറ്റ’ ആള്‍ പോലീസിനോട് പറഞ്ഞു. മദ്യപിച്ചിരുന്നതുകൊണ്ട് സ്വാഭാവികമായി വളരെ വേഗം ക്ഷീണിതനായി . വെള്ളത്തിന്റെ അരികില്‍ നിന്ന് ആളുകള്‍ തന്നോട് ആക്രോശിക്കുന്നത് കേള്‍ക്കാതെ അവന്‍ ഗാഢനിദ്രയിലേക്ക് പോകുകയും ചെയ്തു. വീഡിയോ ഇപ്പോള്‍ വൈറലാണ്.