Crime

ഒരൊറ്റ വാട്‌സാപ്പ് സന്ദേശത്തില്‍ കഥ മാറി ; ഭര്‍ത്താവിനെ വെടിവെച്ച് കൊന്ന് കാമുകനൊപ്പം കഴിഞ്ഞ യുവതി 3വര്‍ഷത്തിനുശേഷം പിടിയില്‍

2021 ലായിരുന്നു പഞ്ചാബിനെയും ഇന്ത്യയെയും ഞെട്ടിച്ച സംഭവത്തിന്റെ തുടക്കം. ദേവ് സുനാര്‍ എന്നയാളുടെ മിനിട്രക്ക് ഇടിച്ച് പാനിപ്പത്തില്‍ കംപ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന വിനോദ് ബരാരയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കാലുകള്‍ രണ്ടും ഒടിയുകയും ചെയ്തു. സംഗതി കേസായി മാറി. പല തവണ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ദേവ് സുനാര്‍ ബരാരയെ സമീപിച്ചെങ്കിലും അയാള്‍ കൂട്ടാക്കിയില്ല. രണ്ടു മാസത്തിന് ശേഷം ഒരുദിവസം ബരാരയെ അയാളുടെ വീട്ടില്‍ കടന്നുകയറില്‍ ദേവ് സുനാര്‍ വെടിവെച്ചു കൊലപ്പെടുത്തി.

സുനാര്‍ ജയിലിലായതോടെ ഒരു കൊലപാതകക്കേസിന് പര്യവസാനമായി. തുറന്നതും അടച്ചതുമായ ഒരു കേസ് ഇങ്ങിനെ പര്യവസാനിച്ചെന്നിരിക്കെ മൂന്ന് വര്‍ഷത്തിന് ശേഷം പാനിപ്പത്ത് എസ്പി അജിത് സിംഗ് ഷെഖാവത്ത് ഐപിഎസിന്റെ ഫോണിലേക്ക് ഒരു വാട്‌സാപ്പ് സന്ദേശമെത്തി. വിനോദ് ബരാരയുടെ കൊലപാതകത്തിന് പിന്നില്‍ ഒരാള്‍ മാത്രമല്ല അയാളുടെ ബന്ധുക്കളായ ചിലര്‍ക്ക് കൂടി പങ്കുണ്ടെന്ന് സൂചന നല്‍കുന്നതായിരുന്നു ആ സന്ദേശം. അടച്ച കേസ് അജിത് സിംഗ് വീണ്ടും തുറന്നു. ഒരു പോലീസ് ടീമിനെ അന്വേഷണത്തിന് വെയ്ക്കുകയും ചെയ്തു. അടച്ച കേസിന്റെ ദുരൂഹത ഒടുവില്‍ പൊളിക്കാന്‍ പോലീസിന് കഴിഞ്ഞു. കാമുകനും ജിം ഇന്‍സ്ട്രക്ടറുമായ സുമിത്തിനെ വിവാഹം കഴിക്കുന്നതിനായി മരിച്ചയാളുടെ ഭാര്യ നിധിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തി.

ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ വിനോദ് ബരാര നിധിയെ വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് ഒരു മകളുണ്ടായിരുന്നു. ഇതിനിടയില്‍ നിധി തന്റെ ജിം പരിശീലകനായ സുമിത്തുമായി പ്രണയത്തിലാകുകയും ഒരു ബന്ധം ആരംഭിക്കുകയും ചെയ്തു. താമസിയാതെ വിവരമറിഞ്ഞ വിനോദ് അവിഹിത ബന്ധത്തെ എതിര്‍ക്കുകയും ഭാര്യയുമായി ഏറ്റുമുട്ടല്‍ പതിവാകുകയും ചെയ്തു. ദിവസേനയുള്ള വഴക്കുകള്‍ സഹിക്കാന്‍ കഴിയാതെ നിധി സുമിത്തിനൊപ്പം ഭര്‍ത്താവിനെ കൊല്ലാന്‍ തന്നെ പദ്ധതിയിട്ടു. വിനോദിനെ ട്രക്കു കൊണ്ട് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താന്‍ പഞ്ചാബിലെ ദേവ് സുനാറിന് 10 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി. 2021 ഒക്ടോബര്‍ 5 ന് സുനാര്‍ പദ്ധതി നടപ്പാക്കിയെങ്കിലും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിനോദിന് അതിനെ അതിജീവിക്കാന്‍ കഴിഞ്ഞു.

പക്ഷേ നിധി വിട്ടില്ല. വിനോദിനെ കൊല്ലാന്‍ നിധി പ്ലാന്‍ ബി സജീവമാക്കി. ദേവ് സുനാറിനോട് തന്റെ ഭര്‍ത്താവിനെ വീട്ടില്‍ കയറി വെടി വെച്ച് കൊല്ലാനാണ് ആവശ്യപ്പെട്ടത്. അപകടം നടന്ന് ഏകദേശം രണ്ട് മാസത്തിന് ശേഷം, സുനാര്‍ വിനോദിന്റെ വീട്ടിലേക്ക് ഇരച്ചുകയറുകയും പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിവച്ചു കൊല്ലുകയും ചെയ്തു. പിന്നീട് പോലീസ് സുനാറിനെ അറസ്റ്റ് ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വിനോദിനെ കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ പറഞ്ഞത്.

സുനാര്‍ ജയിലില്‍ ആയിരിക്കുമ്പോള്‍, നിധിയും സുമിത്തും സുനാറിന്റെ കുടുംബത്തിന്റെ മുഴുവന്‍ കാര്യങ്ങള്‍ നടത്തുകയും നിയമസഹായത്തിന് ആവശ്യമായ ഫീസ് നല്‍കുകയും ചെയ്തു. എല്ലാം കഴിഞ്ഞപ്പോള്‍ നിധി മകളെ ഓസ്‌ട്രേലിയയില്‍ അമ്മാവനൊപ്പം താമസിക്കാന്‍ അയച്ചു. നാട്ടില്‍ ആഡംബരത്തോടെയുള്ള നിധിയുടെ ജീവിതശൈലി വിനോദിന്റെ വീട്ടുകാരെ സംശയത്തിലാക്കി. തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന വിനോദിന്റെ സഹോദരന്‍ പ്രമോദാണ് എസ്പിയുടെ ഫോണിലേക്ക് സന്ദേശം അയച്ചത്. പോലീസ് ഒരു സംഘം രൂപീകരിച്ച് സുനാറിന്റെ കോള്‍ വിശദാംശങ്ങള്‍ അന്വേഷിച്ചതോടെ കൊലപാതകി സുനാര്‍ നിധിയുടെ കാമുകന്‍ സുമിതുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി. ഈ അന്വേഷണം സുമിതിലേക്കും പിന്നീട് നിധിയിലേക്കും എത്തുകയായിരുന്നു. തുടര്‍ന്നാണ് എല്ലാറ്റിനും പിന്നിലെ ആസൂത്രണം നിധിയാണെന്ന കണ്ടെത്തലിലേക്ക് വന്നത്.