Crime

ബംഗ്‌ളാദേശ് MPയെ കൊന്നു, തിരിച്ചറിയാതിരിക്കാന്‍ തൊലിയുഞ്ഞു; വെട്ടിനുറുക്കി ചെറു കഷ്ണങ്ങളാക്കി

ന്യൂഡല്‍ഹി: ബംഗ്‌ളാദേശില്‍ നിന്നുള്ള എംപിയെ കൊന്നു തൊലിയുരിഞ്ഞ് കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളില്‍ ശേഖരിച്ച് കൊല്‍ക്കത്ത നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി സംസ്‌ക്കരിച്ചു. ഞെട്ടിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായി കൊലപാതകത്തില്‍ ബംഗ്‌ളാദേശില്‍ നിന്നുള്ള എംപി അന്‍വാറുള്‍ അസീം നസീറിനെയാണ് കൊലപ്പെടുത്തിയത്. ബംഗ്‌ളാദേശില്‍ നിന്നും അനധികൃതമായി ഇന്ത്യയില്‍ കുടിയേറുകയും മുംബൈയില്‍ താമസമാക്കുകയും ചെയ്തിരുന്ന ജിഹാദ് ഹവ്‌ലാദറിനെ പോലീസ് അറസ്റ്റ് ചെയ്തു.

മെയ് 12 ന് കൊല്‍ക്കത്തയില്‍ എത്തിയ അന്‍വാറുള്‍ അസിം അനറിനെ രണ്ടു ദിവസത്തിന് ശേഷം കാണാതായിരുന്നു. എന്നാല്‍ ജിഹാദ് ഹവ്ലാദറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പശ്ചിമ ബംഗാള്‍ സിഐഡികളുടെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കൊല്‍ക്കത്ത ന്യൂ ടൗണിലെ ഒരു അപ്പാര്‍ട്ടമെന്റില്‍ വെച്ചായിരുന്നു എംപിയെ കൊലപ്പെടുത്തിയതും മൃതദേഹം വെട്ടിനുറുക്കുകയും ചെയ്തത്. സംഭവത്തില്‍ തനിക്ക് പങ്കുള്ളതായി ജിഹാദ് ഹവ് ലാദര്‍ സമ്മതിച്ചു.

ബംഗ്ലാദേശ് വംശജനായ യുഎസ് പൗരന്‍ അക്തറുസ്സമാന്‍ ആണ് മുഖ്യ സൂത്രധാരന്‍ എന്നാണ് വെളിപ്പെടുത്തല്‍. അക്തറുസ്സമാന്റെ ഉത്തരവ് അനുസരിച്ച്, ഹവ്ലാദറും മറ്റ് നാല് ബംഗ്ലാദേശ് പൗരന്മാരും ചേര്‍ന്ന് ന്യൂ ടൗണ്‍ അപ്പാര്‍ട്ട്മെന്റില്‍ വച്ച് എംപിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അനാറിനെ കൊലപ്പെടുത്തിയ ശേഷം സംഘം മൃതദേഹം തൊലിയുരിഞ്ഞു മാംസം നീക്കം ചെയ്തു വൃത്തിയാക്കി. അസ്ഥികള്‍ ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളില്‍ പാക്ക് ചെയ്തു. ഈ പാക്കറ്റുകള്‍ കൊല്‍ക്കത്തയിലുടനീളം കൊണ്ടുപോകുകയും സംസ്‌കരിക്കുകയും ചെയ്തുവെന്നുമാണ് കൊലപാതകത്തില്‍ പിടിയിലുള്ളവര്‍ പറഞ്ഞത്. ശരീരഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

നേരത്തേ അന്വേഷണം നടത്തിയ ബംഗാള്‍ സിഐഡി ന്യൂ ടൗണ്‍ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ രക്തക്കറ കണ്ടെത്തി. ശരീരഭാഗങ്ങള്‍ വലിച്ചെറിയാന്‍ ഉപയോഗിച്ചതായി കരുതുന്ന പ്ലാസ്റ്റിക് ബാഗുകളും കണ്ടെടുത്തു. സാന്ദര്‍ഭിക തെളിവുകള്‍ സൂചിപ്പിക്കുന്നത് എംപിയെ ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം പല കഷണങ്ങളാക്കി മുറിക്കുകയുമായിരുന്നുവെന്ന് പോലീസ് അവകാശപ്പെട്ടു.