Healthy Food

ഏറെനേരം വയര്‍ നിറഞ്ഞതായി തോന്നിക്കും, ശരീരഭാരവും കുടവയറും കുറയ്ക്കം- ഈ ഭക്ഷണങ്ങള്‍

ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്ട്രെസ്, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. അതുപോലെ തന്നെ പ്രശ്‌നം സൃഷ്ടിയ്ക്കുന്ന ഒന്നാണ് വയറിലെ കൊഴുപ്പ്. ഇത് നിങ്ങളുടെ സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും വളരെ ദോഷകരമായി ബാധിക്കുന്നു. പ്രത്യേക ഡയറ്റ് ഒന്നും പിന്തുടരാതെ തന്നെ രുചികരമായ ചില ഭക്ഷണ പദാര്‍ഥങ്ങള്‍ വയറിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നിക്കുകയും വിശപ്പു കുറയ്ക്കുകയും വഴി ശരീരഭാരവും കുടവയറും കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ അറിയാം.

  • ഗ്രേപ്പ് ഫ്രൂട്ട് – നാരുകളും ആന്റിഓക്സിഡന്റുകളും ധാരാളമടങ്ങിയ ഗ്രേപ്പ് ഫ്രൂട്ട്, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കുന്നു. ഗ്രേപ്പ് ഫ്രൂട്ടിലടങ്ങിയ നാരുകള്‍ ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കും. പ്രതിരോധശക്തി മെച്ചപ്പെടുത്താനും കുടവയര്‍ കുറയ്ക്കാനും സഹായിക്കുന്ന ആന്റിഓക്സിഡന്റായ വൈറ്റമിന്‍ സി ഇവയില്‍ ധാരാളമുണ്ട്. കാലറി കുറഞ്ഞ, എന്നാല്‍ പോഷകസമ്പുഷ്ടമായ ഈ ഫലം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും.
  • ആപ്പിള്‍ – ഭക്ഷ്യനാരുകള്‍ ധാരാളം അടങ്ങിയ ആപ്പിള്‍, ഒരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ, അമിതഭാരമുള്ളവരില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താന്‍ ആപ്പിളിലെ പോളിഫിനോളുകള്‍ പ്രധാന പങ്കു വഹിക്കുന്നു.
    തൈര്
  • തൈര് – വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ തൈര് സഹായിക്കും ശരീരഭാരം കുറയ്ക്കുന്നതില്‍ പ്രധാന മാക്രോന്യൂട്രിയന്റ് ആയ പ്രോട്ടീന്‍ തൈരില്‍ ധാരാളമുണ്ട്. കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ് ഇവയിലെ കാലറിയും പ്രോട്ടീന്‍ കൂടാതെ തൈരില്‍ ഉണ്ട്. പ്രോബയോട്ടിക്കിന്റെ പ്രധാന ഉറവിടമാണ് തൈര്. ആരോഗ്യം, ശരീരഭാരം ഇവയുമായി ബന്ധപ്പെട്ട ഉദരത്തിലെ സൂക്ഷ്മാണുക്കള്‍ക്ക് (gut microbiome) ഇത് ഏറെ ഗുണം ചെയ്യും. ഉദരത്തിലെ ആരോഗ്യകരമായ ബാക്ടീരിയ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കും. പ്രോട്ടീന്‍ കൂടുതലടങ്ങിയ, ഷുഗര്‍ കുറഞ്ഞ സാധാരണ തൈര് വേണം ഉപയോഗിക്കാന്‍. ബെറിപ്പഴങ്ങളും ബദാമും കഴിക്കുന്നതും ഭാരം കുറയ്ക്കാന്‍ സഹായിക്കും.
  • ബീന്‍സ് – പ്രോട്ടീന്‍ ഇവയില്‍ ധാരാളമുണ്ട്. ഇത് ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. കുറച്ചു കാലറി കഴിക്കാന്‍ സഹായിക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പ്രോട്ടീനുകള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ബീന്‍സില്‍ പ്രോട്ടീനും ഫൈബറും ധാരാളമുണ്ട്.
  • അണ്ടിപ്പരിപ്പുകള്‍ –ദിവസവും ഒരു പിടി നട്‌സ് കഴിക്കുന്നത് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കും. നട്‌സില്‍ പ്രോട്ടീനും ഫൈബറും മറ്റ് പോഷകങ്ങളും ഉണ്ട്. ഇത് വയറ് നിറഞ്ഞതായി തോന്നിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യും. വയറില്‍ കൊഴുപ്പു കൂടുന്നതിനെ തടയാന്‍ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് അണ്ടിപ്പരിപ്പുകള്‍. മോണോസാച്ചുറേറ്റഡ് ഫാറ്റ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നവരില്‍ അരക്കെട്ടിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടാന്‍ സാധ്യത കുറവാണ്.