Sports

ശ്രേയസ് അയ്യര്‍ക്ക് വീണ്ടും നടുവേദന പണികൊടുത്തു ; ഐപിഎല്ലിലെ പകുതിയോളം മത്സരങ്ങള്‍ നഷ്ടമാകും

ഐപിഎല്ലില്‍ കളിക്കുന്നതിന് പ്രധാന്യം നല്‍കി ആഭ്യന്തര ക്രിക്കറ്റില്‍ ഒളിച്ചുകളിച്ചതിന് ബിസിസിഐ യില്‍ നിന്നും നല്ല പണി വാങ്ങിക്കൂട്ടിയ ശ്രേയസ് അയ്യര്‍ക്ക് ഐപിഎല്ലിലെ പകുതി മത്സരങ്ങളും നഷ്ടമായേക്കാന്‍ സാധ്യത. അടുത്തയാഴ്ച കളി തുടങ്ങാനിരിക്കെ താരത്തിന് നടുവേദന വീണ്ടും തുടങ്ങി. മുംബൈയില്‍ നടന്ന രഞ്ജി ട്രോഫി ഫൈനലിനിടെ ആവര്‍ത്തിച്ചുള്ള പരിക്കാണ് വില്ലനായിരിക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ക്ക് മാര്‍ച്ച് 22-ന് ആരംഭിക്കുന്ന ഐപിഎല്‍ 2024-ന്റെ ആദ്യ പകുതി നഷ്ടമായേക്കാമെന്നാണ് സൂചനകള്‍. വിദര്‍ഭയ്ക്കെതിരായ രണ്ടാം ഇന്നിംഗ്സില്‍ 95 റണ്‍സ് നേടിയ അയ്യര്‍ക്ക് നടുവേദനയ്ക്ക് രണ്ട് തവണ ചികിത്സ തേടേണ്ടി വന്നു. പിന്നീട് സ്‌കാനിംഗിന് വിധേയനായി, മാര്‍ച്ച് 23 ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരാണ് ആദ്യ മത്സരം.

18 മാസമായി ശ്രേയസ് അയ്യരും അദ്ദേഹത്തിന്റെ പുറം പരിക്കും വലിയ ചര്‍ച്ചയായിരുന്നു. വലംകൈയ്യന്‍ ബാറ്റര്‍ കഴിഞ്ഞ വര്‍ഷം മുതുകിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അത് അദ്ദേഹത്തെ ഏകദേശം ആറ് മാസത്തോളം കളത്തിന് പുറത്താക്കി. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലും ജൂണില്‍ ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും അദ്ദേഹത്തിന് നഷ്ടമായിരുന്നു.

ഓഗസ്റ്റില്‍ നടക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായി അയ്യര്‍ തിരിച്ചെത്തിയ താരം ലോകകപ്പില്‍ കളിക്കുകയും ചെയ്തു. നാലാം നമ്പറിലെ താരത്തിന്റെ പ്രകടനം ഇന്ത്യയെ ഫൈനലിലെത്താന്‍ സഹായിക്കുകയും ചെയ്തിരുന്നു. അടുത്തിടെ അവസാനിച്ച ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ പോലും അയ്യര്‍ നടുവേദനയെക്കുറിച്ച് ടീം മാനേജ്മെന്റിനോട് പരാതിപ്പെട്ടിരുന്നു.

ഇംഗ്ലണ്ടിനെതിരായ അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്ക് തന്നെ വീണ്ടും അലട്ടുന്നതിനെക്കുറിച്ച് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനോട് പറഞ്ഞിരുന്നതായിട്ടാണ് വിവരം. ആവര്‍ത്തിച്ചുള്ള നടുവേദനയെക്കുറിച്ചുള്ള ആശങ്കകളോടെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. എന്നാല്‍ മോശം ഫോം കാരണമാണ് അയ്യരെ ഒഴിവാക്കിയതെന്നാണ് സെലക്ടര്‍മാര്‍ പറഞ്ഞത്.