Oddly News

ശ്വാസം മുട്ടുന്ന പോലുള്ള കുടുസ്സു മുറി ;  വാടക 2.19 ലക്ഷം രൂപ

വാടകയ്ക്ക് ഒരു വീട് എടുക്കുക എന്ന് പറയുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ജോലിയുടെ ഭാഗമായാലും പഠനത്തിന്റെ ഭാഗമായാലും നമ്മുടെ വരുമാനത്തിന് അനുയോജ്യമായ ഒരു വീട് എടുക്കുക എന്നതാണ് പ്രയാസകരം. ന്യൂയോര്‍ക്ക് പോലെയുള്ള നഗരങ്ങളില്‍ ഒരുമാസത്തെ ശമ്പളം മുഴുവന്‍ നല്‍കിയാല്‍ പോലും തികയാത്ത വാടകയാണ് ഈടാക്കുന്നത്. ഇതിന്റെ ഭീകതര എത്രത്തോളമാണെന്ന് വ്യക്തമാകുന്ന ഒരു വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്.

ഒരു താമസസ്ഥലമാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്. ന്യൂയോര്‍ക്കിലെ മുറേ ഹില്ലിലുള്ള ഒരു സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റിന്റെ ഹോം ടൂര്‍ വിഡിയോയാണ് ഇത്. വീടിന്റെ പ്രധാന വാതില്‍ തുറക്കുന്നത് ലിവിങ് ഏരിയയും അടുക്കളയും എല്ലാം ഉള്‍പ്പെടുന്ന ചെറിയ ഒരു മുറിയിലേക്കാണ്. ഈ മുറിയുടെ ഒരു കോണിലായി വളരെ ഒതുങ്ങിയ കിച്ചന്‍ യൂണിറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നു. കബോര്‍ഡുകളോ ഡൈനിങ് ടേബിളോ ഉള്‍പ്പെടുത്താനുള്ള സ്ഥലം ഇവിടെയില്ല. രണ്ട് കസേരകള്‍ ഇട്ടാല്‍ പോലും നടക്കാനാകില്ല.

ഒരു നോര്‍മല്‍ സൈസ് കിടക്കപോലും ഉള്‍ക്കൊള്ളാന്‍ ആവാത്തത്ര ചെറുതാണ് കിടപ്പുമുറി. കിടപ്പുമുറിക്ക് വാതില്‍ നല്‍കാനുള്ള സ്ഥലംപോലും വീട്ടില്‍ ഇല്ല. കിച്ചന്‍ യൂണിറ്റും ലിവിങ് ഏരിയയും അടങ്ങുന്ന മുറിയില്‍ നിന്നു തന്നെ ഔട്ട്‌ഡോര്‍ സ്‌പേസിലേയ്ക്കുള്ള ഗ്ലാസ് വാതിലും കാണാം. മറ്റു കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതുകൊണ്ട് ഇവിടെ വായുസഞ്ചാരവും കുറവാണ്. പരിമിതികള്‍ മാത്രം നിറഞ്ഞ ഈ സ്റ്റുഡിയോ യൂണിറ്റിന് 2650 ഡോളറാണ് (2.19 ലക്ഷം രൂപ) പ്രതിമാസ വാടകയായി വീട്ടുടമ ആവശ്യപ്പെടുന്നത്. ഇത്രയും പരിമിതമായ വീടിന്റെ വാടക കേട്ട് ഞെട്ടിയിരിയ്ക്കുകയാണ് ആളുകള്‍.