Crime

കൂട്ടുകാരനുമായി രഹസ്യബന്ധമെന്ന് ആരോപിച്ച് ഭാര്യയെ ഭര്‍ത്താവ് തല്ലിക്കൊന്നു; വീഡിയോ ചിത്രീകരിച്ച് വാട്‌സാപ്പ് ഗ്രൂപ്പിലിട്ടു

രാജ്‌കോട്ട്: ചൊവ്വാഴ്ച രാജ്‌കോട്ടിലെ നാനാ മവുവാ റോഡിലെ ശാന്തിവന്‍ നിവാസികള്‍ ചൊവ്വാഴ്ച രാവിലെ എഴുന്നേറ്റത് ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. തങ്ങളുടെ അയല്‍ക്കാരായ ഒരു കുടുംബത്തിലെ ഭര്‍ത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ വീഡിയോ ഇവരുടെയെല്ലാം മൊബൈല്‍ ഫോണില്‍ എത്തിയിരുന്നു. രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുന്ന ഭാര്യ അംബികയുടെ മൃതദേഹത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ബിസിനസുകാരന്‍ ഗുരൂപാ ജിറോലി സൈസൈറ്റിയിലെ താമസക്കാരോട് ക്ഷമ പറയുന്നതായിരുന്നു വീഡിയോ. ഭാര്യയെ താന്‍ കൊലപ്പെടുത്തിയെന്നും ഇയാള്‍ വീഡിയോയില്‍ സമ്മതിക്കുന്നു.

ഭാര്യയ്ക്ക് തന്റെ സുഹൃത്തുമായി രഹസ്യബന്ധം ഉണ്ടെന്നും അതുകൊണ്ട് അവളെ കൊല്ലേണ്ടി വന്നെന്നും എല്ലാവരും ക്ഷമിക്കണമെന്നുമാണ് വീഡിയോയില്‍ ഇയാള്‍ പറയുന്നത്. റസിഷന്‍ഷ്യല്‍ സൊസൈറ്റിയിലെ താമസക്കാര്‍ ഉള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ വീഡിയോ വൈറലായി. പുലര്‍ച്ചെ 5.30 യ്ക്ക് തന്നെ ജിറോലി പോലീസിനെയും വിളിച്ചുവരുത്തി. 17 വര്‍ഷമായി തനിക്കൊപ്പം ജീവിക്കുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയതായി ഇയാള്‍ പോലീസിനോടും വെളിപ്പെടുത്തി. 40 കളില്‍ നില്‍ക്കുന്ന ദമ്പതികള്‍ക്ക് 17 കാരിയായ ഒരു മകളും 10 വയസ്സുള്ള ഒരു മകനുമുണ്ട്. കേസെടുത്ത പോലീസ് പൂനെയില്‍ നിന്നും അംബികയുടെ സഹോദരിയും ഭര്‍ത്താവും വരാന്‍ കാത്തിരിക്കുകയാണ്.

റോഡ് നിര്‍മ്മാണ കരാര്‍ ജോലികള്‍ ചെയ്തുവരുന്ന ജിറോലിയും ഭാര്യ അംബികയും കുട്ടികളും സോളാപൂരുകാരാണ്. അവിടെ നിന്നും 2003 ലാണ് അവര്‍ രാജ്‌കോട്ടില്‍ എത്തിയത്. പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഇരുവരും ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിക്ക് വഴക്കുണ്ടാക്കിയിരുന്നതായും ഈ സമയത്ത് കയ്യില്‍ കിട്ടിയ കനമുള്ള വസ്തുകൊണ്ട് ജിറോലി അംബികയുടെ തലയ്ക്കടിച്ചെന്നുമാണ് കിട്ടിയിരിക്കുന്ന വിവരം. ഭാര്യ മരിച്ചതിന് തൊട്ടുപിന്നാലെ ജിറോലി ഭാര്യയുടെ നിശ്ചലമായ ശരീരത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ മൊബൈല്‍ഫോണില്‍ വീഡിയോ ചിത്രീകരിക്കുകയും അത് സൊസൈറ്റിയുടെ വാട്‌സാപ്പില്‍ പോസ്റ്റും ചെയ്യുകയുണ്ടായി.

വീഡിയോയില്‍ എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും തന്റെ ഭാര്യയ്ക്ക് തന്റെ കൂട്ടുകാരനുമായി ബന്ധം ഉണ്ടെന്നും ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ താന്‍ ആവത് ശ്രമിച്ചിട്ടും അവര്‍ അതെല്ലാം തള്ളുകയായിരുന്നെന്നും പറയുന്നു. കാമുകനൊപ്പം ഭാര്യ ഒളിച്ചോടാന്‍ പദ്ധതി ഇട്ടിരിക്കുകയായിരുന്നു. മകള്‍ പത്താംക്ലാസ്സില്‍ ആണെന്നും അവളുടെ പരീക്ഷയ്ക്ക് ശേഷം വേര്‍പിരിയാമെന്നും പറഞ്ഞെങ്കിലൂം ഭാര്യ അതൊന്നും അംഗീകരിച്ചില്ലെന്നും പറയുന്നു. അംബികയെ കൊലപ്പെടുത്തിയതില്‍ തനിക്ക് ഒരു പശ്ചാത്താപവുമില്ലെന്ന് പറഞ്ഞ ജിറോലി തന്നെ ഒരു സാധാരണ ക്രിമിനലിനെ ചെയ്യുന്നത് പോലെ കൈവിലങ്ങ് ഇടരുതെന്നും പോലീസിനോട് പറയുന്നു. അതേസമയം ജിറോലിയുടെ ആരോപണം പരിശോധിക്കുകയാണെന്നും ഇയാള്‍ ആരോപണവിധേയമാക്കിയ സുഹൃത്തിനെയും ചോദ്യം ചെയ്യുമെന്നും പറഞ്ഞു.