Movie News

പേട്ട സിനിമയില്‍ രജനീകാന്തിനൊപ്പം അഭിനയിച്ചതില്‍ കുറ്റബോധമുണ്ട് ; നവാസുദ്ദീന്‍ സിദ്ദിഖി

2019ല്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത തന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ പേട്ടയില്‍ രജനികാന്തിനൊപ്പം പ്രവര്‍ത്തിച്ചതില്‍ തനിക്ക് കുറ്റബോധമുണ്ടെന്ന് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. ചെയ്യാത്ത കാര്യത്തിന് പണം വാങ്ങി സിനിമാ ടീമിനെ കബളിപ്പിച്ചെന്ന മനസ്സാക്ഷിക്കുത്ത് തന്നെ വര്‍ഷങ്ങളായി വേട്ടയാടിക്കൊണ്ടിരിക്കുന്ന കാര്യമാണെന്ന്് താരം പറഞ്ഞു.

പേട്ടയുടെ സെറ്റിലെ സമയം അനുസ്മരിച്ചുകൊണ്ട് നവാസ് ഗലാറ്റ പ്ലസിനോട് സിദ്ദിഖിയുടെ വെളിപ്പെടുത്തല്‍. ”ഞാന്‍ രജനി സാറിനൊപ്പം പേട്ട ചെയ്തപ്പോള്‍, സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം ഞാന്‍ ഒരു കുറ്റബോധത്തിലായിരുന്നു, കാരണം ഞാന്‍ ഇല്ലാത്ത ഒരു കാര്യത്തിന് പണം വാങ്ങുന്നുവെന്ന് കരുതി. താന്‍ പ്രൊഡക്ഷന്‍ ടീമിനെ കബളിപ്പിച്ചതുപോലെയുള്ള അനുഭവം തോന്നി.” അദ്ദേഹം പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യവും മനസ്സിലാക്കാതെ ചടങ്ങു തീര്‍ക്കുന്നത് പോലെയാണ് ജോലി ചെയ്തതെന്നാണ് നടന്‍പറഞ്ഞത്.

സിനിമയില്‍ ഞാന്‍ അവരെ വിഡ്ഢികളാക്കിയെന്ന് ഞാന്‍ കരുതി. കാരണം എനിക്ക് പ്രോംപ്റ്റ് ലഭിക്കുകയും ഞാന്‍ വെറുതേ ചുണ്ടുകള്‍ ചലിപ്പിക്കുകയും മാത്രമാണ് ചെയ്തത്. ഒന്നും ചെയ്തതായി തനിക്ക് തോന്നിയില്ലെന്നും ഇത് എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നായി മാറിയിട്ടും തനിക്ക് വൈരുദ്ധ്യാത്മക വികാരങ്ങള്‍ അനുഭവിക്കേണ്ടി വന്നെന്നും നവാസ് പറഞ്ഞു.

തന്റെ ഈ കുറ്റബോധം കുറയ്ക്കുന്നതിനും ഭാഷാ തടസ്സം മറികടക്കുന്നതിനുമായി, വെങ്കിടേഷ് ദഗ്ഗുബതി നായകനായ തന്റെ തെലുങ്ക് അരങ്ങേറ്റമായ സൈന്ധവില്‍ താന്‍ ചെയ്ത കാര്യവും നവാസ് പങ്കുവെച്ചു. ”സൈന്ധവില്‍ എല്ലാം സ്വന്തമായി ചെയ്തു. ഞാന്‍ ഡബ്ബിംഗ് ചെയ്തു, ഞാന്‍ ഷൂട്ട് ചെയ്യുന്ന ഓരോ ഡയലോഗിന്റെയും അര്‍ത്ഥം മനസ്സിലാക്കി. അതിനാല്‍, കുറ്റബോധം കുറഞ്ഞു.” അദ്ദേഹം വിശദീകരിച്ചു.