സില്ചാര്: കാട്ടാനക്കൂട്ടം കാടിനടുത്തുള്ള ഗ്രാമത്തില്‍ ഇറങ്ങുകയും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയെ ആനക്കൂട്ടം ചവിട്ടിക്കൊന്നു. ആസാമിലെ കൊക്രജാറില്‍ നടന്ന സംഭവത്തില്‍ ഗ്രാമത്തില്‍ പ്രവേശിച്ച ആനകള്‍ വീട്ടില്‍ അവശേഷിച്ച എട്ടുവയസ്സുകാരിയെയാണ് കൊലപ്പെടുത്തിയത്.
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സാനി മര്‍ദിയാണ് ദാരുണസംഭവത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ആന സങ്കേതമായ കച്ചുഗാവ് ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള അതിബാരി പ്രദേശത്താണ് സംഭവം. ആനക്കൂട്ടമെത്തിയപ്പോള്‍ എല്ലാവരും സുരക്ഷിത സ്ഥാനത്തേക്ക് ഓടിയെങ്കിലും പെണ്‍കുട്ടി വീട്ടില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നു.
ആനയുടെ ചവിട്ടേറ്റ് മരിക്കുകയുമായിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പിന്നീട് പോലീസിലും വിവരമറിയിച്ചു. നാട്ടില്‍ തീറ്റതേടിയിറങ്ങിയതായിരുന്നു കാട്ടാനക്കൂട്ടമെന്നാണ് ഉദ്യോഗസ്ഥര്‍ അനുമാനിക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലെ വീടുകള്‍ക്കൊപ്പം വാഴച്ചെടികളും ആനകളെ ആകര്‍ഷിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാട്ടാനകളുടെ ശല്യം മൂലം പലപ്പോഴും ദുരിതമനുഭവിക്കുന്നതായി പ്രദേശവാസികളും പറഞ്ഞു. ”ഞങ്ങളില്‍ ഭൂരിഭാഗവും കര്‍ഷകരാണ്, ഞങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടിവരുന്നു. കാരണം ഭക്ഷണം തേടിയെത്തുന്ന കാട്ടാനകള്‍ വിളകള്‍ നശിപ്പിക്കുന്നു… ചിലപ്പോള്‍ അവര്‍ ഞങ്ങളുടെ വീടുകള്‍ ആക്രമിക്കുന്നു.” ഒരു നാട്ടുകാരന് പറഞ്ഞു.