Oddly News

സ്കൂളില്‍ വിളമ്പിയത് തെരുവുനായ തലയിട്ട ഉച്ചഭക്ഷണം; പിന്നാലെ പേവിഷബാധയ്ക്ക് 78 കുട്ടികള്‍ക്ക് കുത്തിവയ്പ് !

ഛത്തീസ്ഗഢിലെ ബലോഡബസാർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ഉച്ചഭക്ഷണത്തില്‍ തെരുവുനായ തലയിട്ടു. ഇത് കണ്ട കുട്ടികള്‍ സ്കൂള്‍ അധികൃതരോട് പരാതി പറഞ്ഞുവെങ്കിലും അത് വകവയ്ക്കാതെ അതേ ഭക്ഷണം തന്നെ കുട്ടികള്‍ക്ക് വിളമ്പി. വിവരം കുട്ടികള്‍ വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞതോടെ സംഭവം വലിയ പ്രതിഷേധമായി. പിന്നാലെ സ്കൂളിലെ 78 കുട്ടികള്‍ക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പെടുത്തു. ആകെ 84 വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചുവെന്നാണ് വിവരം.

വിദ്യാർത്ഥികൾ വീട്ടിലെത്തി സംഭവം പറഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും സ്കൂൾ മാനേജ്‌മൻ്റ് കമ്മിറ്റി ചെയർപേഴ്‌സൺ ജലേന്ദ്ര സാഹു ഉൾപ്പെടെയുള്ളവരെ സമീപിച്ചതായി ഒരു വിദ്യാർത്ഥിയുടെ പിതാവ് ഉമാശങ്കർ സാഹു പറഞ്ഞു. മലിനമായ ഭക്ഷണം വിളമ്പരുതെന്ന നിർദ്ദേശം അവഗണിച്ച സ്വയം സഹായ സംഘത്തെ മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

“സ്ഥിരീകരിച്ച അണുബാധയില്ലാത്തതുകൊണ്ട് ഒരു മുൻകരുതൽ എന്ന നിലയിലാണ് പേവിഷബാധ പ്രതിരോധ വാക്സിൻ നൽകിയത്. ആദ്യ ഡോസിന് പാർശ്വഫലങ്ങളൊന്നുമില്ല. ഇത് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സ്കൂൾ മാനേജ്‌മൻ്റ് കമ്മിറ്റി അംഗങ്ങളുടെയും ആവശ്യപ്രകാരമാണ് ചെയ്തത്,” ലച്ചൻപൂർ ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള വീണാ വർമ്മ പറഞ്ഞു.

ശനിയാഴ്ച, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ദീപക് നികുഞ്ച്, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നരേഷ് വർമ്മ എന്നിവർ മറ്റ് ഉദ്യോഗസ്ഥരുമായി ചേർന്ന് സ്കൂളിലെത്തി അന്വേഷണം ആരംഭിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സ്കൂൾ മാനേജ്‌മൻ്റ് കമ്മിറ്റി അംഗങ്ങളുടെയും മൊഴിയെടുത്തു. എന്നാൽ സ്വയം സഹായ സംഘത്തിലെ അംഗങ്ങൾ അന്വേഷണത്തിൽ സഹകരിച്ചില്ലെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

അതിനിടെ, സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എംഎൽഎ സന്ദീപ് സാഹു മുഖ്യമന്ത്രി വിഷ്ണു ദിയോ സായിക്ക് കത്തയച്ചു. ആരുടെ നിർദ്ദേശപ്രകാരമാണ് കുട്ടികൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നൽകിയതെന്നും അദ്ദേഹം ചോദിച്ചു.