Crime

4 വിവാഹം, 3 മരണം, 40 ​കോടിയുടെ ഇൻഷുറൻസ്; മാതാപിതാക്കളും ഭാര്യയും ഇരകൾ, സിനിമയെ വെല്ലും ട്വിസ്റ്റിൽ യുവാവ് പിടിയിൽ

മീററ്റിലെ ഒരു വീട്ടിൽ ഒന്നിന് പിന്നാലെ മറ്റൊന്നായി മൂന്ന് മരണങ്ങള്‍. പ്രിയപ്പെട്ടവരുടെ നിർജീവമായ ശരീരത്തിന് മുന്നിൽ തകര്‍ന്നു നിൽക്കുന്ന വിശാൽ കുമാർ (35) എന്ന യുവാവ് നാടിന്റെ നൊമ്പരക്കാഴ്ചയായി. എന്നാല്‍ വർഷങ്ങൾക്കുശേഷം ഇൻഷുറൻസ് ഏജന്റിന് തോന്നിയ സംശയം പൊലീസിനെ അറിയിച്ചതോടെ സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ് ഈ കഥയിലുണ്ടായത്. പൊലീസ് അന്വേഷണത്തിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മാതാപിതാക്കളെയും ഭാര്യയെയും യുവാവ് നിഷ്ഠൂരമായി കൊലപ്പെടുത്തിയതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മാതാവിനെയും പിതാവിനെയും ഭാര്യയെയും ഇയാൾ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ വർഷം അപകടത്തിൽ മരണമടഞ്ഞ വിശാലിന്റെ പിതാവ് മുകേഷ് സിംഗാളിന്റെ (55) പേരിൽ വിവിധ കമ്പനികളിലായി 60 ആക്സിഡന്റ് ഇൻഷൂറൻസ് പോളിസികളാണ് ഉണ്ടായിരുന്നത്. 39​ കോടിയായിരുന്നു ഇവയുടെ ആകെ മൂല്യം. ഇവ എല്ലാം പിതാവിന്റെ മരണത്തിന് രണ്ടുവർഷം മുമ്പാണ് എടുത്തിരുന്നത്.

2024 മാർച്ച് 27ന് പകൽ മുകേഷ് റോഡപകടത്തിൽ പെട്ടുവെന്നാണ് വിശാൽ അവകാശപ്പെട്ടിരുന്നത്. അപകടത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിതാവ് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും വിശാൽ ഏജൻസികളെയും കുടുംബാംഗങ്ങളെയും അറിയിച്ചു. പിതാവിന് അപകടത്തിലുണ്ടായ പരിക്കിനെ കുറിച്ച്‍ വിശാലിന്റെ ​മൊഴികൾ പോസ്​റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യത്യസ്തവുമായിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.

അപകടത്തിൽ വിശദാംശങ്ങൾ തേടിയ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥ​ന് ഇയാൾ കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്നും സാക്ഷികൾക്ക് പണം നൽകി അനുകൂലമൊഴി സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും ഏജന്റ് സഞ്ജീവ് കുമാർ പൊലീസിന് നൽകിയ പരാതിയിലുണ്ട്. ഇൻഷുറൻസ് ​ക്ളെയിമുകൾക്ക് ഒപ്പം ഹാജരാക്കിയ വിശാലിന്റെ പാൻകാർഡും ആധാറുമടക്കം രേഖകൾ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. ക്ളെയിം അപേക്ഷകളിൽ അപകടത്തിൽ പെട്ട വണ്ടിയുടെ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നുമില്ല.

ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കൊലപാതകങ്ങളുടെ വിവരങ്ങൾ പുറത്തുവന്നത്. വിശാലിന്റെ അമ്മ, പ്രഭാദേവി . വിശാലിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ 2017 ജൂൺ 21 ഒന്നിന് അപകടത്തിൽ പെട്ടു. സരസ്വതി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട പ്രഭാവതി മരണപ്പെട്ടു. ഇവരുടെ മരണത്തിന് പിന്നാലെ, ഇൻഷുറൻസ് തുകയായി 80 ലക്ഷം രൂപ വിശാലിന് ലഭിച്ചു.

ഏതാനും വർഷങ്ങൾക്ക് മുമ്പ് വിശാലിന്റെ ഭാര്യയും സമാനമായി റോഡപകടത്തിൽ മരിച്ചിരുന്നു. അന്ന് 30 ലക്ഷം രൂപയാണ് ഇൻഷുറൻസ് തുകയായി വിശാലിന് ലഭിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഭാര്യയുടെ മരണത്തിന് പിന്നാലെ, ഇയാൾ വീണ്ടും നാലുതവണ വിവാഹിതനായിരുന്നു. ഈ യുവതികളെ സംബന്ധിച്ചും പൊലീസ് വിവരങ്ങൾ ശേഖരിച്ച് വരികയാണ്.

വിവാഹത്തിന് തൊട്ടു പിന്നാലെ, വൻതുക തന്റെ പേരിൽ അപകട ഇൻഷുറൻസ് എടുത്തതായി കണ്ടെത്തിയ നാലാമത്തെ ഭാര്യ ശ്രേയ (28) അപകടം മണത്ത് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഹാപർ അഡിഷണനൽ സൂപ്രണ്ട് ഓഫ് പൊലീസ് വിനീത് ഭട്നഗർ പറഞ്ഞു.