മുംബൈയിലെ മെട്രോ ലൈൻ 9 പദ്ധതിയുടെ ഭാഗമായ മീര-ഭായന്ദറിൽ പുതുതായി നിർമ്മിച്ച ഫ്ലൈഓവറാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. നാലു വരി പാതയായി തുടങ്ങി രണ്ടു വരി പാതയായി ചുരുങ്ങുന്ന എന്‍ജിനീയറിങ് വിസ്മയത്തെ ചോദ്യം ചെയ്യുകയാണ് സോഷ്യല്‍ ലോകം. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാറിനെ അടിക്കാനുള്ള വടിയാക്കി കോണ്‍ഗ്രസ് വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു.
യാത്രക്കാരെ അപകടത്തിലാക്കുന്ന നിര്‍മാണമാണിതെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. മഹാരാഷ്ട്രയായാലും മധ്യപ്രദേശായാലും, ബിജെപി സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഇത്തരം ‘അത്ഭുതങ്ങൾ’ സാധാരണമാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. എന്നാല്‍ ഇത് നിര്‍മാണത്തിലെ പാളിച്ചയല്ലെന്നും മനഃപൂർവ്വം ഈ രീതിയില്‍ ഡിസൈന്‍ ചെയ്തതാണെന്നും മുംബൈ മെട്രോപൊലിറ്റന്‍ റീജിയണ്‍ ഡെലവപ്മെന്‍റ് അതോറിറ്റി (എംഎംആര്‍ഡിഎ) ന്യായീകരിച്ചു. മീര-ഭായന്ദർ മേഖലയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനിലെ ഗതാഗതം സുഗമമാക്കുന്നതിനാണ് നിര്‍മാണമെന്നുമാണ് വിശദീകരണം.
പദ്ധതി പ്രകാരം ഫ്ലൈഓവർ നിലവിൽ ഭയന്ദർ ഈസ്റ്റിലേക്ക് രണ്ട് വരി പാതയായും ഭാവിയിൽ ഭയന്ദർ വെസ്റ്റിലേക്ക് ബന്ധിപ്പിക്കാൻ രണ്ട് വരി പാതയായുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഭയന്ദർ ഈസ്റ്റിലേക്കുള്ള ഭാഗം ആദ്യം വരുന്നതുകൊണ്ടാണ് നിലവിലുള്ള 4-വരി പാത രണ്ടു വരിയായി ചുരുങ്ങുന്നത്. ബാക്കി രണ്ട് വരികൾ വെസ്റ്റേൺ റെയിൽവേ ലൈനിന് കുറുകെ ഭയന്ദർ വെസ്റ്റിലേക്ക് നീട്ടുമെന്നും എംഎംആര്‍ഡിഎ വ്യക്തമാക്കി.




