Health

ഇന്ത്യയിലെ പ്രമേഹരോഗികള്‍; 24 ലക്ഷം പേര്‍ക്ക് അന്ധത ! ഞെട്ടിയ്ക്കുന്ന പഠനഫലം പുറത്ത്

ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. ജീവിതശൈലീ രോഗങ്ങളില്‍ പലരേയും പ്രശ്‌നത്തില്‍ ആക്കുന്ന ഒന്നാണ് പ്രമേഹം. ഇപ്പോള്‍ പ്രമേഹ രോഗികളെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ഇന്ത്യയിലെ 101 ദശലക്ഷം പ്രമേഹ രോഗികളില്‍ 21 ദശലക്ഷം പേരുടെയെങ്കിലും കാഴ്ചയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇതില്‍ 24 ലക്ഷം പേര്‍ക്കെങ്കിലും അന്ധത ബാധിച്ചിട്ടുണ്ടെന്നും ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മദ്രാസ് ഡയബറ്റീസ് റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെയും യുകെയിലെയും ഡോക്ടര്‍മാരുടെ സംഘമാണ് സര്‍വേ നടത്തിയത്. 40 വയസ്സിന് മുകളില്‍ പ്രായമുള്ള ഇന്ത്യയിലെ 42,147 പേര്‍ സര്‍വേയില്‍ സ്‌ക്രീന്‍ ചെയ്യപ്പെട്ടു. ഇതിന് പുറമേ പ്രമേഹമുള്ള 7910 പേര്‍ സര്‍വേയ്ക്കായി സ്വമേധയാ മുന്നോട്ട് വന്നു. പ്രമേഹമുള്ളവരില്‍ 26.5 ശതമാനത്തിന് കാഴ്ചയില്‍ ഒരു പ്രശ്നവും കണ്ടെത്തിയില്ല. 52.4 ശതമാനത്തിന് ഗ്ലാസുകള്‍ ആവശ്യമായി വരുന്നുണ്ടെന്ന് കണ്ടെത്തി. 18.7 ശതമാനത്തിന് കാഴ്ച തകരാറുള്ളതായും 2.4 ശതമാനം പേര്‍ അന്ധരാണെന്നും ഗവേഷകര്‍ നിരീക്ഷിച്ചു.

ഈ സര്‍വേയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇന്ത്യയിലെ പ്രമേഹ ബാധിതരുടെ കാഴ്ച ശക്തിയെ പറ്റിയുള്ള നിഗമനങ്ങളിലെത്തിയത്. എന്നാല്‍ ശരിയായ കണക്കുകള്‍ ഇതിലും അധികമായിരിക്കാമെന്നും ഗവേഷകര്‍ പറയുന്നു. കാരണം 40 വയസ്സിന് മുകളിലുള്ളവരുടെ ഡേറ്റ മാത്രമാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. കാലാനുസൃതമായി ഇവര്‍ക്ക് വന്ന മാറ്റങ്ങളെ ഗവേഷകര്‍ വിലയിരുത്തിയിട്ടുമില്ല. മാത്രമല്ല 2011-ലെ സെന്‍സസ് ഡേറ്റയാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്.

പ്രമേഹം മൂലമുള്ള കാഴ്ച പ്രശ്നങ്ങളുടെ വ്യാപനം രാജ്യത്തെ പല സംസ്ഥാനങ്ങളിലും പലതരത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉദാഹരണത്തിന് കേരളത്തിലെ തൃശൂര്‍ ജില്ലയില്‍ കാഴ്ച തകരാറിന്റെ വ്യാപനം കുറവായിരിക്കുമ്പോള്‍ ഉത്തര്‍പ്രദേശിലെ പല ജില്ലകളിലും ഇത് ഉയര്‍ന്ന തോതിലാണ്. കുറഞ്ഞ സാമൂഹിക, സാമ്പത്തിക നിലവാരത്തിലുള്ള ജനങ്ങളുടെ ഇടയിലാണ് കാഴ്ചപ്രശ്നങ്ങളുടെയും അന്ധതയുടെയും തോത് അധികമായി കാണപ്പെട്ടത്. ഇന്ത്യയിലെ പ്രമേഹ രോഗികളുടെ കാഴ്ചശക്തിയുടെ സ്ഥിതി സര്‍വേയില്‍ കണ്ടെത്തിയതിലും മോശമാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.