Good News

8 മണിക്കൂർ ഇഷ്ടിക ചുമന്നു; പൊട്ടിയ ഫോണ്‍വച്ച് പഠിച്ചു, ഇന്ന് MBBS വിദ്യാര്‍ത്ഥി

ഇന്ത്യയിലെ മദ്ധ്യവര്‍ത്തി സമൂഹത്തിന്റെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാണ് ഐഎഎസും എംബിബിഎസുമെല്ലാം. താഴേക്കിടയിലെ ആള്‍ക്കാരില്‍ ഭൂരിപക്ഷം പേര്‍ക്കും അപ്രാപ്യമായ ലക്ഷ്യത്തിലേക്ക് കുതിച്ച 21 കാരനായ കൂലിപ്പണിക്കാരന്റെ കഥ ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് പ്രചോദനമാകുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള സര്‍ഫറാസ് സ്‌ക്രീന്‍ പൊട്ടിയ ഫോണില്‍ പഠിച്ച് നീറ്റ് വിജയിച്ചു.

ബിരുദ മെഡിക്കല്‍ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ 720-ല്‍ 677 സ്‌കോറോടെയാണ് സര്‍ഫറാസ് വിജയിച്ചു കയറിയത്. ജീവിക്കാന്‍ വേണ്ടി കൂലിപ്പണിക്കിടയിലാണ് ഈ മിടുക്കന്‍ ഇന്ത്യയിലെ അനേകരുടെ സ്വപ്‌നമായ നീറ്റ് പരീക്ഷ വിജയിച്ചു കയറിയത്. കെട്ടിടം പണി മേഖലയില്‍ നിന്നും മെഡിക്കല്‍ സ്‌കൂളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഒട്ടും സാധാരണമായിരുന്നില്ല.

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നിര്‍മ്മിച്ച ഒരു വീട്ടില്‍ താമസിക്കുന്ന അദ്ദേഹം വീട്ടിലെ സാമ്പത്തീക സ്ഥിതി മോശമായതിനാല്‍ അമ്മയെയും ഇളയ സഹോദരനെയും പോറ്റുന്നതിനായി പിതാവിനൊപ്പം കൂലിപ്പണിയെടുക്കുകയാണ്. തന്റെ കുടുംബത്തെ പോറ്റാന്‍ ദിവസത്തില്‍ എട്ട് മണിക്കൂര്‍ ജോലി ചെയ്യുകയും വൈകുന്നേരം പഠിക്കുകയും ചെയ്താണ് ഈ നേട്ടമുണ്ടാക്കിയത്.

ദിവസവും 200 മുതല്‍ 400 വരെ ചുടുകട്ടകളും സിമെന്റുകട്ടകളുമെല്ലാം ചുമന്ന് പകലന്തിയോളം നടുവൊടിയുന്ന ജോലിക്ക് ശേഷമായിരുന്നു പഠനം. ശരിയായ ഒരു സ്മാര്‍ട്ട്‌ഫോണ്‍ പോലും വാങ്ങാന്‍ പണമില്ലാതെ സാമ്പത്തീക ഞെരുക്കത്തില്‍ മേല്‍ക്കൂരയില്ലാത്ത വീട്ടിലിരുന്നായിരുന്നു പഠിച്ചത്. പത്താം ക്ലാസ് മുതല്‍ എന്‍ഡിഎയില്‍ ചേരുമെന്ന് സര്‍ഫറാസ് സ്വപ്നം കണ്ടുവെങ്കിലും സാമ്പത്തിക ഞെരുക്കം മൂലം പിന്നോട്ട് പോയി. 2022-ല്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയ ശേഷം, അഭിമുഖത്തിന് മുമ്പുള്ള ഒരു അപകടം അദ്ദേഹത്തിന്റെ അവസരങ്ങള്‍ അവസാനിപ്പിച്ചു. കൊവിഡ്-19 പകര്‍ച്ചവ്യാധിയുടെ കാലത്ത്, അദ്ദേഹം നീറ്റ് തയ്യാറെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

2023 നീറ്റ് പാസായെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അദ്ദേഹത്തിന് ഡെന്റല്‍ കോളേജ് ഉപേക്ഷിക്കേണ്ടി വന്നു. നിരാശപ്പെടാതെ, സര്‍ഫറാസ് കൂടുതല്‍ കഠിനാധ്വാനം ചെയ്യുകയും നീറ്റ് 2024 വിജയിക്കുകയും ചെയ്തു. കൊല്‍ക്കത്തയിലെ നില്‍ രത്തന്‍ സിര്‍കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി. ഫിസിക്‌സ് വല്ലാഹ് സിഇഒ അലാഖ് പാണ്ഡെ പിന്നീട് സര്‍ഫറാസിന്റെ വീട് സന്ദര്‍ശിക്കുകും അദ്ദേഹത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്തു.

അവന്റെ കോളേജ് ഫീസ് അടയ്ക്കാന്‍ വാഗ്ദാനം ചെയ്തതിന് പകരം ഒരു പുതിയ ഫോണ്‍ സമ്മാനമായി നല്‍കുകയും 5 ലക്ഷം രൂപ വായ്പ നല്‍കുകയും ചെയ്തു. ”ഈ 5 ലക്ഷം ഒരു സമ്മാനമല്ല, വായ്പയാണ്. ഭാവിയില്‍ സര്‍ഫറാസിനെപ്പോലെ മറ്റൊരു ദരിദ്രനെ സഹായിച്ച് ഇത് തിരിച്ചടയ്ക്കുക” പാണ്ഡെ പറഞ്ഞു.