രാജസ്ഥാനിലെ പ്രശസ്തമായ പുഷ്കർ മേള ശനിയാഴ്ച പ്രാദേശിക പാരമ്പര്യങ്ങളുടെയും സംസ്കാരത്തിന്റെയും ആഘോഷമായി മാറി. വലിയ ജനക്കൂട്ടത്തെ ആകർഷിച്ച മീശ വളർത്തൽ മത്സരവും തലപ്പാവ് കെട്ടൽ മത്സരവുമാണ് മേളയ്ക്ക് വർണ്ണാഭമായ തുടക്കം കുറിച്ചത്. ഭംഗിയായി പരിപാലിച്ച തങ്ങളുടെ മീശ പ്രദർശിപ്പിക്കാൻ രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മത്സരാർത്ഥികൾ എത്തിയപ്പോൾ, വിദേശ വിനോദസഞ്ചാരികൾ തലപ്പാവ് കെട്ടൽ മത്സരത്തിൽ പങ്കെടുത്ത് ശ്രദ്ധ നേടി.
സ്പെയിനിൽ നിന്നുള്ള ദമ്പതികളാണ് തലപ്പാവ് കെട്ടൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്. രാജസ്ഥാനി പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞെത്തിയ മത്സരാർത്ഥികളെ കാണികൾ ആവേശത്തോടെ പ്രോത്സാഹിപ്പിച്ചു. പതിറ്റാണ്ടുകളായി വളർത്തി പരിപാലിക്കുന്ന 80 ഇഞ്ച് നീളമുള്ള മീശയുമായെത്തിയ മത്സരാർത്ഥിയായിരുന്നു മേളയിലെ പ്രധാന ആകർഷണം.
മീശ വളർത്തൽ മത്സരത്തിൽ 39 പേരാണ് വിവിധ സ്റ്റൈലുകളിലുള്ള മീശകളുമായി പങ്കെടുത്തത്. പിരിച്ചുവെച്ച മീശകളും അറ്റം മുകളിലേക്ക് വളഞ്ഞവയും അസാധാരണ നീളമുള്ളവയും കൂട്ടത്തിലുണ്ടായിരുന്നു. ഭിൽവാരയിൽ നിന്നുള്ള ഒരു റെയിൽവേ ജീവനക്കാരൻ 1990-ലാണ് തന്റെ മീശ വളർത്താൻ തുടങ്ങിയത്. കഴിഞ്ഞ 35 വർഷം കൊണ്ട് അത് 80 ഇഞ്ച് നീളത്തിലേക്ക് വളർന്നു. രാംലീല നാടകങ്ങളിൽ രാവണനായി വേഷമിടുന്ന അദ്ദേഹം 2005 മുതൽ പുഷ്കർ മേളയിൽ തന്റെ മീശ പ്രദർശിപ്പിക്കാറുണ്ട്.
മുൻപ് മൂന്ന് തവണ ഇദ്ദേഹം മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ഇത്രയും നീളമുള്ള മീശ പരിപാലിക്കാൻ ദിവസേനയുള്ള ശ്രദ്ധ ആവശ്യമാണെന്നും, മത്സരത്തിനായി പരമ്പരാഗത വേഷമണിയാൻ ഏകദേശം മൂന്ന് മണിക്കൂർ വേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നാല് വർഷമായി മീശ വളർത്തുന്നത് ഒരു പാഷനായി കൊണ്ടുനടക്കുന്ന നസീറാബാദിൽ നിന്നുള്ള ശങ്കർ സിംഗ് റാവത്തും മത്സരത്തിൽ പങ്കെടുത്തു. “മീശ നമ്മുടെ അഭിമാനത്തിന്റെയും അന്തസ്സിന്റെയും പ്രതീകമാണ്. ഇന്ത്യയിലായാലും വിദേശത്തായാലും അത് രാജസ്ഥാന്റെ തനിമയെ പ്രതിഫലിപ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ടൂറിസം വകുപ്പ് സംഘടിപ്പിച്ച പരമ്പരാഗത തലപ്പാവ് കെട്ടൽ മത്സരത്തിൽ വിദേശ വിനോദസഞ്ചാരികൾ പങ്കെടുത്തത് ആഘോഷങ്ങൾക്ക് അന്താരാഷ്ട്ര മുഖം നൽകി. പിന്നിൽ നിൽക്കുന്ന ഭാര്യയുടെ തലയിൽ ഭർത്താവ് തലപ്പാവ് കെട്ടിക്കൊടുക്കുന്നതായിരുന്നു മത്സരം. മിനിറ്റുകൾക്കുള്ളിൽ കൃത്യതയോടെ തലപ്പാവ് കെട്ടി വിധികർത്താക്കളെയും കാണികളെയും വിസ്മയിപ്പിച്ച സ്പാനിഷ് ദമ്പതികൾ വിജയികളായി. രാജസ്ഥാനി സംസ്കാരത്തിന്റെ പ്രധാന പ്രതീകമായ തലപ്പാവ് പരമ്പരാഗത രീതിയിൽ കെട്ടാൻ വിദേശ സഞ്ചാരികൾ വലിയ ആവേശത്തോടെയാണ് ശ്രമിച്ചത്. വേഗതയും പരമ്പരാഗത ശൈലിയും ഒത്തുചേർന്ന പ്രകടനത്തിലൂടെയാണ് സ്പാനിഷ് ദമ്പതികൾ ഒന്നാമതെത്തിയത്. വലിയ കയ്യടികളോടെയാണ് കാണികൾ ഇവരുടെ പ്രകടനത്തെ വരവേറ്റത്.
മത്സരങ്ങൾക്കൊടുവിൽ വിജയികളായ സ്പാനിഷ് ദമ്പതികളെയും മികച്ച പ്രകടനം കാഴ്ചവെച്ച മറ്റ് മത്സരാർത്ഥികളെയും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ആദരിച്ചു. തലപ്പാവ് വെറുമൊരു ശിരോവസ്ത്രമല്ലെന്നും, അത് രാജസ്ഥാന്റെ ആതിഥ്യമര്യാദയുടെയും അഭിമാനത്തിന്റെയും പ്രതീകമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള വിനോദസഞ്ചാരികളും നാടൻ കലാകാരന്മാരും ഭക്തരും ഒഴുകിയെത്തുന്ന പുഷ്കർ മേളയിൽ ഓരോ ദിവസവും വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളാണ് അരങ്ങേറുന്നത്. നേരത്തെ മേളയിൽ ചെണ്ടമേളത്തിനൊപ്പം കുതിരകൾ ചുവടുവെക്കുന്ന നൃത്തമത്സരവും നടന്നിരുന്നു.




