കളമശേരി കൂട്ടബലാത്സംഗക്കേസില്‍ യുവതിയെ അതിക്രൂരമായി ഉപദ്രവിച്ച പ്രതിയായ സ്ത്രീയും സ്പാ ഉടമ ശ്രീരാജിന്റെ ഇരയാണെന്ന് പൊലീസ് . പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ജോലി വാഗ്ദാനം നല്കി വലയിലാക്കുന്ന ശ്രീരാജും സംഘവും ഇവരെ പീഡനത്തിനിരയാക്കുകയും പിന്നീട് മറ്റുള്ളവര്‍ക്ക് എത്തിച്ചുനല്‍കുകയുമായിരുന്നു. ഈ യുവതി ഉള്‍പ്പെടെ നിരവധി പെണ്‍കുട്ടികളെയാണ് ഇയാള്‍ ഇത്തരത്തില്‍ കെണിയില്പ്പെടുത്തിയിട്ടുള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ ചതിയില്‍പ്പെട്ട നിരവധി പെണ്‍കുട്ടികളില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. തങ്ങള്‍ അകപ്പെട്ടുപോയ അവസ്ഥയോര്‍ത്ത് പലരും പൊട്ടിക്കരഞ്ഞതായി പൊലീസ് പറയുന്നു. നിലവില്‍ അഞ്ചു കേസുകളില്‍ പ്രതിയായ ശ്രീരാജ്, ജോലിക്കായി വിളിച്ചുവരുത്തിയ ശേഷം രാസലഹരിയും മദ്യവും നല്കി പീഡിപ്പിക്കുകയാണ് പതിവ്. രക്ഷപ്പെടാന്‍ വഴിയില്ലാതെ കൂടെ നില്‍ക്കേണ്ടി വന്ന പ്രതിയായ യുവതിയും ഈ രീതിയിലാണ് സംഘത്തിലെത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
പൊലീസുകാരുമായും ഗുണ്ടകളുമായും തനിക്ക് വലിയ ബന്ധമുണ്ടെന്ന് ശ്രീരാജ് പറഞ്ഞിരുന്നതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മൂന്നുവര്‍ഷം മുമ്പ് രണ്ട് യുവതികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നാലാം പ്രതിയായ വി.എസ്.സഞ്ജയിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ശ്രീരാജ്, ജിത്ത് മാര്ട്ടിന് എന്നിവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വീണ്ടും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
അതേസമയം, കേസില്‍ തെളിവുനശിപ്പിക്കാനുള്ള നീക്കങ്ങളും പ്രതികളുടെ ഭാഗത്തുനിന്നുണ്ടായി. ഇരയായ യുവതി ആദ്യമെത്തിയ സ്പായിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് വീണ്ടെടുക്കാനായിട്ടില്ല. ശ്രീരാജിന്റെ ബന്ധുക്കളാണെന്ന് പറഞ്ഞ് രണ്ടു സ്ത്രീകള്‍ ആശുപത്രിയിലെത്തിയിരുന്നതായി യുവതിയുടെ പങ്കാളി വെളിപ്പെടുത്തിയിരുന്നു. ഈ സംഘത്തിന്റെ കെണിയില്‍പ്പെട്ട കൂടുതല്‍ പേര് പരാതിയുമായി മുന്നോട്ടുവന്നാല്‍ അവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുമെന്നും പൊലീസ് ഉറപ്പുനല്‍കുന്നു.




