വിൻഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിനിടെ തിലക് വർമ റണ്ണൗട്ടായത് അസാധാരണവും നിരാശാജനകവുമായ രീതിയിൽ . പതിനേഴാം ഓവറിൽ ഗുഡാകേഷ് മോട്ടി എറിഞ്ഞ പന്ത് അക്ഷർ പട്ടേൽ ഡീപ് ബാക്ക്വേർഡ് സ്ക്വയർ ലെഗ് അതിർത്തിയിലേക്ക് തിരിച്ചുവിട്ടു. അവിടെ ഫീൽഡ് ചെയ്തിരുന്ന കമിൽ പുരാൻ ഡൈവ് ചെയ്ത് പന്ത് ബൗണ്ടറി കടക്കാതെ തടഞ്ഞെങ്കിലും പന്ത് നാല് റൺസ് നേടിയെന്ന് കരുതിയ ബാറ്ററമാർ പിച്ചിന് നടുവിൽ തന്നെ നിൽക്കുകയായിരുന്നു.
തുടർന്ന് പുരാൻ എറിഞ്ഞ പന്ത് കണ്ട് അക്ഷർ വേഗത്തിൽ ക്രീസിലെത്തി. എന്നാൽ കാര്യമെന്താണെന്ന് മനസ്സിലാകാതിരുന്ന തിലകിനെ, ഷായ് ഹോപ്പിന്റെ ത്രോയിൽ ബൗളറുടെ എൻഡിൽ വച്ച് മോട്ടി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. തേർഡ് അമ്പയർ പരിശോധിച്ച് വിക്കറ്റ് ഉറപ്പിച്ചതോടെ 28 റൺസെടുത്ത തിലക് മടങ്ങേണ്ടിവന്നു. കൗതുകകരമായ മറ്റൊരു കാര്യം 14 പന്തിൽ 20 റൺസെടുത്ത അക്ഷർ പട്ടേലിനെയും കീമോ പോളും ഷാമർ സ്പ്രിംഗറും ചേർന്ന് റണ്ണൗട്ടാക്കുകയായിരുന്നു.
ഓപ്പണർ അഭിഷേക് ശർമയുടെ തകർപ്പൻ പ്രകടനത്തിന്റെ (30 പന്തിൽ 69) കരുത്തിലാണ് ഇന്ത്യ മത്സരത്തിൽ 223 റൺസ് നേടിയത്. 6 ഫോറുകളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്. ഇഷാൻ കിഷൻ (18 പന്തിൽ 37), തിലക് വർമ (16 പന്തിൽ 28), നിതീഷ് കുമാർ റെഡ്ഡി (14 പന്തിൽ 21), അക്ഷർ പട്ടേൽ (14 പന്തിൽ 20) എന്നിവരും ഇന്ത്യൻ സ്കോറിലേക്ക് സംഭാവന നൽകി. വിൻഡീസിനായി റോസ്റ്റൻ ചേസ്, ഷാമർ സ്പ്രിംഗർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.




