Oddly News

‘AI ശരിക്കും ഹീറോയാണ്!’ കാണാതെപോയ ഇയർബഡ് ചാറ്റ്ജിപിടി വഴി തിരികെ കിട്ടി; ഞെട്ടിച്ച് റെഡ്ഡിറ്റ് പോസ്റ്റ്

പോക്കറ്റിൽ നിന്ന് കല്ലുകൾക്കിടയിലേക്ക് വീണുപോയ ഒരു കൊച്ചു വയർലെസ് ഇയർബഡ് കണ്ടെത്താൻ ഒരു വ്യക്തി നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – AI) ഉപയോഗിച്ച കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. റെഡ്ഡിറ്റിലാണ് (Reddit) ഉപയോക്താവ് ഈ രസകരമായ അനുഭവം പങ്കുവെച്ചത്. പത്തു മിനിറ്റോളം തിരഞ്ഞിട്ടും കാണാതായതോടെയാണ് ഇയാൾ ചാറ്റ്ജിപിറ്റിയുടെ (ChatGPT) സഹായം തേടാൻ തീരുമാനിച്ചത്. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അഞ്ച് മിനിറ്റിനുള്ളിൽ ചാറ്റ്ജിപിറ്റി അത് കണ്ടെത്തിക്കൊടുത്തു.

ബോസ് (Bose) കമ്പനിയുടെ വയർലെസ് ഇയർബഡാണ് ഹൂഡിയിൽ നിന്ന് കല്ലുകൾക്കിടയിലേക്ക് വീണതെന്ന് സ്ക്രീൻഷോട്ടുകൾ സഹിതം ഇയാൾ വ്യക്തമാക്കുന്നു. ഈ ഇയർബഡുകൾ ചെവിയിൽ വെച്ചാൽ മാത്രമേ ഫോണുമായി പൂർണ്ണമായി കണക്റ്റ് ആവുകയുള്ളൂ എന്നതിനാൽ, ബ്ലൂടൂത്ത് വഴി വലിയ ശബ്ദത്തിൽ പാട്ട് വെച്ച് കണ്ടുപിടിക്കുന്ന സാധാരണ തന്ത്രങ്ങളൊന്നും ഇവിടെ ഫലിച്ചില്ല. വെള്ളക്കല്ലുകൾ നിറഞ്ഞ വലിയൊരു സ്ഥലത്ത് നിന്ന് ചെറിയൊരു വെള്ള ഇയർബഡ് തനിയെ തിരഞ്ഞുപിടിക്കുക എന്നത് അസാധ്യമാണെന്ന് ഇയാൾക്ക് മനസ്സിലായി.

നിരവധി ആവശ്യങ്ങൾക്ക് ചാറ്റ്ജിപിറ്റി ഉപയോഗിക്കാറുള്ള ഇയാൾ, വെറുതെ തിരഞ്ഞു സമയം കളയുന്നതിന് പകരം ചാറ്റ്ജിപിറ്റിയോട് ചോദിക്കാമെന്ന് കരുതുകയായിരുന്നു. കല്ലുകളുടെ ഒരു ചിത്രം എടുത്ത് ചാറ്റ്ജിപിറ്റിക്ക് നൽകി. ചിത്രം സൂക്ഷ്മമായി പരിശോധിച്ച ചാറ്റ്ജിപിറ്റി, ഇയർബഡ് കൃത്യമായി എവിടെയാണുള്ളതെന്ന് അടയാളപ്പെടുത്തി നൽകി. ഫോട്ടോ അപ്‌ലോഡ് ചെയ്തത് മുതൽ ഇയർബഡ് തിരികെ ലഭിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളും അഞ്ച് മിനിറ്റിൽ താഴെ സമയം കൊണ്ടാണ് നടന്നത്.

റെഡ്ഡിറ്റിൽ പങ്കുവെച്ച ഈ പോസ്റ്റ് 2,800-ലധികം ലൈക്കുകളോടെ പെട്ടെന്ന് തന്നെ വൈറലായി. എഐ ഇമേജ് റെക്കഗ്നിഷൻ സാങ്കേതികവിദ്യ എത്രത്തോളം വളർന്നുവെന്നതിന് തെളിവാണ് ഇതെന്നും, അത്ഭുതകരമായ രീതിയിലാണ് ഇയാൾ എഐ ഉപയോഗിച്ചതെന്നും പറഞ്ഞ് നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്.