Oddly News

12-ാം നിലയിൽ നിന്ന് തൂങ്ങിനിന്ന് മൂന്നുവയസ്സുകാരി; ജീവൻ രക്ഷിക്കാൻ താങ്ങായി സ്റ്റൂൾ! വീഡിയോ

ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ പന്ത്രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിലെ ജാലകത്തിന്റെ അഴികൾക്കിടയിൽ തല കുടുങ്ങി പുറത്തേക്ക് തൂങ്ങിക്കിടന്ന മൂന്ന് വയസ്സുള്ള പെൺകുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഒക്ടോബർ 17-ന് രാവിലെ 7:48 ഓടെ ഴാങ്പിംഗ് സിറ്റിയിലാണ് സംഭവം നടന്നത്. കുട്ടി ലോഹ അഴികളിൽ പിടിച്ച് തൂങ്ങിക്കിടക്കുമ്പോൾ അയൽവാസികളും സെക്യൂരിറ്റി ജീവനക്കാരും താഴെ വീഴാതെ രക്ഷിക്കാൻ ഓടിയെത്തുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന വിവരമനുസരിച്ച് സംഭവം നടക്കുമ്പോൾ കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കുട്ടിയുടെ പിതാവ് ജോലിയിലായിരുന്നു, അമ്മ കുട്ടിയെ ഉറക്കി കിടത്തിയ ശേഷം സാധനങ്ങൾ വാങ്ങാൻ പുറത്തുപോയതായിരുന്നു. അതിനിടെ ഉണർന്ന കുട്ടി ജനലിന്റെ അഴികൾക്കിടയിലൂടെ പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയും തല അഴികൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു.

കുട്ടി അപകടത്തിൽപ്പെട്ടത് കണ്ട ഒരു പ്രദേശവാസി ഉടൻ തന്നെ അപ്പാർട്ട്മെന്റിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചിത്രങ്ങൾ പങ്കുവെച്ച് സഹായം അഭ്യർത്ഥിച്ചു. ചിത്രങ്ങളിൽ കുട്ടി ഇരു കൈകൾ കൊണ്ടും ജനലിന്റെ അഴികളിൽ മുറുകെ പിടിച്ചിരിക്കുന്നതും ബാക്കി ശരീരം പുറത്തേക്ക് തൂങ്ങിക്കിടക്കുന്നതും കാണാമായിരുന്നു.

വിവരം അറിഞ്ഞ ഉടൻ സെക്യൂരിറ്റി ജീവനക്കാരും അപ്പാർട്ട്മെന്റ് മാനേജ്‌മെന്റ് ജീവനക്കാരും സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയും കുട്ടിയുടെ വീടിന് തൊട്ടു താഴത്തെ ഫ്ലാറ്റിൽ പ്രവേശിക്കുകയും ചെയ്തു. നിലത്തു നിന്ന് ഏതാണ്ട് വലിയ ഉയരത്തിൽ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷിക്കാൻ താഴത്തെ ഫ്ലാറ്റിലെ രണ്ട് പേർ ജനലിലൂടെ പുറത്തേക്ക് ആഞ്ഞുനിന്ന് ഒരു സ്റ്റൂൾ ഉപയോഗിച്ച് കുട്ടിയുടെ ശരീരത്തിന് താങ്ങ് നൽകി. ഫയർഫോഴ്‌സ് എത്തുന്നത് വരെ കുട്ടിയെ സുരക്ഷിതമായി നിർത്താൻ ഇവരുടെ ശ്രമം സഹായിച്ചു.

തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ കുട്ടിയുടെ ഫ്ലാറ്റിന്റെ വാതിൽ ബലമായി തുറന്ന് അകത്തുകയറി. അവർ കുട്ടിയെ ജനൽ അഴികളിൽ നിന്ന് മോചിപ്പിച്ച് സുരക്ഷിതമായി പുറത്തെടുത്തു.

വൈദ്യപരിശോധനയ്ക്കായി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കുട്ടിക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.