Oddly News

നിലത്തുവീണാലും പാരിജാതപ്പൂക്കൾ പൂജയ്ക്കായി ഉപയോഗിക്കുന്നത് എന്തുകൊണ്ട് ? ശ്രീകൃഷ്ണനുമായുള്ള ദിവ്യബന്ധം!

പവഴമല്ലി, ഹർസിംഗാർ, നൈറ്റ്-ഫ്ലവറിംഗ് ജാസ്മിൻ എന്നീ പേരുകളിലും അറിയപ്പെടുന്ന പാരിജാതം തെക്കേ ഏഷ്യയിൽ കാണപ്പെടുന്ന സുഗന്ധപൂരിതമായ ഒരു പുഷ്പമാണ്. തെളിഞ്ഞ വെള്ള ദളങ്ങളും തിളങ്ങുന്ന ഓറഞ്ച് തണ്ടുകളുമുള്ള ഈ പൂക്കൾക്ക് ഇന്ത്യൻ ഐതിഹ്യങ്ങളിലും ഹൈന്ദവ ആചാരങ്ങളിലും വലിയ പ്രാധാന്യമുണ്ട്. ഭൂരിഭാഗം പൂക്കളും ചെടിയിൽ നിന്ന് പറിച്ച് ദൈവങ്ങൾക്ക് അർപ്പിക്കുമ്പോൾ, തനിയെ നിലത്തുവീഴുന്ന പാരിജാതപ്പൂക്കളാണ് പൂജയ്ക്കായി ഉപയോഗിക്കുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

രാത്രിയിൽ വിടരുകയും സൂര്യോദയത്തിന് മുൻപ് നിലത്തു വീഴുകയും ചെയ്യുന്ന പാരിജാതം ആയുർവേദത്തിലും ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഇലകളും മരത്തോലും പനിക്കും സന്ധിവേദനയ്ക്കും ഉത്തമമാണ്. വിഷ്ണുഭഗവാനും ലക്ഷ്മിദേവിക്കും മറ്റു ദൈവങ്ങൾക്കും പൂജയ്ക്കും പ്രാർത്ഥനകൾക്കുമായി ഈ പൂക്കൾ ഉപയോഗിക്കുന്നു. ശ്രീകൃഷ്ണനുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ഈ പുഷ്പം. നാരദമുനി സ്വർഗ്ഗത്തിൽ നിന്ന് കൊണ്ടുവന്ന പാരിജാതപ്പൂവ് കൃഷ്ണൻ രുക്മിണിക്ക് സമ്മാനിച്ചു. ഇതിൽ അസൂയ പൂണ്ട സത്യഭാമ ആ മരം തന്നെ സ്വന്തം പൂന്തോട്ടത്തിൽ വേണമെന്ന് ശാഠ്യം പിടിച്ചു. തുടർന്ന് ഇന്ദ്രനുമായി യുദ്ധം ചെയ്ത് കൃഷ്ണൻ ആ ദിവ്യമരം ദ്വാരകയിലേക്ക് കൊണ്ടുവരികയും സത്യഭാമയുടെ തോട്ടത്തിൽ നട്ടുവളർത്തുകയും ചെയ്തു. എന്നാൽ മരം പൂത്തുലഞ്ഞപ്പോൾ പൂക്കൾ വീണത് തൊട്ടടുത്തുള്ള രുക്മിണിയുടെ മുറ്റത്തായിരുന്നു എന്നാണ് ഐതിഹ്യം.

ദേവാസുരന്മാർ ചേർന്ന് നടത്തിയ പാലാഴി മഥനത്തിൽ ഉയർന്നുവന്ന ദിവ്യവസ്തുക്കളിൽ ഒന്നാണ് പാരിജാതം എന്നാണ് വിശ്വാസം. പവിത്രതയുടെയും ഭക്തിയുടെയും ശാന്തിയുടെയും പ്രതീകമായ ഈ വെളുപ്പും ഓറഞ്ചും കലർന്ന ചെറിയ പൂക്കൾക്ക് രാത്രി സമയങ്ങളിൽ കടുപ്പമേറിയ സുഗന്ധമാണുള്ളത്.