2018 ജൂലൈയിൽ, കൊലപാതകക്കേസിൽ ശിക്ഷ അനുഭവിക്കവെ ആറാഴ്ചത്തെ പരോളിലിറങ്ങി ഹരിയാന ജയിലിൽ നിന്ന് രക്ഷപ്പെട്ട കുറ്റവാളി പിന്നീട് തിരിച്ചെത്തിയില്ല. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് അതിർത്തി കടന്ന അയാൾ കമ്പോഡിയയിലാണ് ഒടുവിൽ അഭയം കണ്ടെത്തിയത്. അവിടെ ഒളിച്ചു താമസിക്കുക മാത്രമല്ല, സ്വന്തമായി വീടുവാങ്ങി, മൂന്ന് കുട്ടികളുടെ പിതാവാകുകയും ഡിസ്കോയും റസ്റ്റോറന്റും ഉൾപ്പെടെ വലിയൊരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തു.
ഹരിയാനയിലെ ഝജ്ജാർ ജില്ലയിലുള്ള ബാദ്ലി ഗ്രാമക്കാരനായ മൈൻപാൽ ബാദ്ലി (ധില്ല) പോലീസിന്റെ റെക്കോർഡുകളിലെ പ്രധാന കുറ്റവാളികളിൽ ഒരാളാണ്. കൊലപാതകം, വധശ്രമം, മോഷണം, കവർച്ച, ഭീഷണിപ്പെടുത്തൽ, പോലീസുകാരെ ആക്രമിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇയാൾക്കെതിരെയുണ്ട്. ഒരു പോലീസ് റെക്കോർഡ് അനുസരിച്ച് 24 കേസുകളും മറ്റൊരു റിപ്പോർട്ട് അനുസരിച്ച് 22 കേസുകളും ഇയാൾക്കെതിരെയുണ്ട്. ഇതിൽ മൂന്ന് കേസുകളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.
കൊലപാതകക്കേസിൽ ഹിസാർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കവെ, 2018 ജൂലൈ 17-നാണ് മൈൻപാലിന് ആറാഴ്ചത്തെ പരോൾ ലഭിക്കുന്നത്. ഹിസാർ ഡിവിഷണൽ കമ്മീഷണറുടെയും ഝജ്ജാർ ജില്ലാ മജിസ്ട്രേറ്റിന്റെയും ഉത്തരവ് പ്രകാരമായിരുന്നു ഇത്.
ഓഗസ്റ്റ് 29-നകം ജയിലിൽ തിരിച്ചെത്തണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ, മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. തിരച്ചിൽ ഊർജ്ജിതമാക്കിയ ഹരിയാന പോലീസ് ഇയാളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. എന്നാൽ പോലീസിന്റെ ശ്രമങ്ങളെല്ലാം നോക്കുകുത്തിയാക്കി മൈൻപാൽ രാജ്യത്തുനിന്ന് കടന്നു.
പോലീസിന്റെയും ഇന്റലിജൻസിന്റെയും റിപ്പോർട്ടുകൾ പ്രകാരം, ഗുഡ്ഗാവ് സ്വദേശിയായ സോനു കുമാർ എന്ന വ്യാജ പേരിൽ ഇയാൾ പാസ്പോർട്ട് സമ്പാദിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഗുഡ്ഗാവിലെ വിലാസം വ്യാജമാണെന്ന് തെളിയുകയും ഇയാൾക്കെതിരെ പാസ്പോർട്ട് ആക്ട് പ്രകാരം കേസ് എടുക്കുകയും ചെയ്തു.
വ്യാജ പാസ്പോർട്ട് കൈക്കലാക്കിയ ശേഷം 2019 ജൂലൈ 7-ന് കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് ഇയാൾ ബാങ്കോക്കിലേക്ക് കടന്നു. തായ്ലൻഡിൽ 20-22 ദിവസത്തോളം തങ്ങിയ ശേഷമാണ് കമ്പോഡിയയിലേക്ക് പോയതെന്ന് ചോദ്യം ചെയ്യലിൽ മൈൻപാൽ വെളിപ്പെടുത്തി.
കമ്പോഡിയയിലെത്തിയ ശേഷം ഇയാൾ ചൻ മെറ്റ എന്ന സ്ത്രീയെ പരിചയപ്പെടുകയും അവർക്കൊപ്പം താമസം തുടങ്ങുകയും ചെയ്തു. ആദ്യം സീം റീപ് നഗരത്തിൽ വാടക ഹോട്ടലിലായിരുന്നു താമസം. ഒരു മാസത്തിന് ശേഷം ഇരുവരും ചേർന്ന് 10,000 ഡോളർ മുടക്കി സ്വന്തമായി ഒരു വീട് വാങ്ങി.
ഇന്ത്യയിൽ ഇയാളെ കണ്ടെത്താൻ വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് പോലീസ് തിരച്ചിൽ നടത്തുമ്പോൾ, കമ്പോഡിയയിൽ ഇയാൾ വീടുവാങ്ങി, ബിസിനസ്സ് തുടങ്ങി, കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു. ‘കോണ്ടിയായി’ എന്ന പേരിൽ ഒരു ഡിസ്കോയും ‘അങ്കോർ’ എന്ന പേരിൽ ഒരു റസ്റ്റോറന്റും ഇയാൾ അവിടെ ആരംഭിച്ചു. ഇതിനിടയിൽ ഇയാൾക്ക് മൂന്ന് മക്കളും ജനിച്ചു.
കമ്പോഡിയയിൽ ആറ് വർഷത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം 2025 ജൂലൈയിൽ വിസ പുതുക്കാൻ പോയതോടെയാണ് ഇയാളുടെ യഥാർത്ഥ വിവരങ്ങൾ പുറത്തറിയുന്നത്.
തുടർന്ന്, സിബിഐ, സംസ്ഥാന പോലീസ്, ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങൾ എന്നിവരുടെ സംയുക്ത നീക്കത്തിലൂടെ കമ്പോഡിയയിൽ നിന്ന് ഇയാളെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.




