Oddly News

ഇവര്‍ ജീവിക്കുന്നത് 2057-ല്‍, ശബ്ദം കേട്ട് പ്രവർത്തിക്കുന്ന ടാപ്പുകൾ, QR കോഡ് വാതിലുകൾ!; ജപ്പാനിലെ അമ്പരപ്പിക്കുന്ന ശൗചാലയ വിഡിയോ വൈറൽ

സാധാരണ ഒരു പൊതു ശൗചാലയത്തിൽ ഉപയോഗിച്ചിരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് മുംബൈയിൽ നിന്നുള്ള പ്രമുഖ സോഷ്യൽ മീഡിയ ക്രിയേറ്ററായ സാർഥക് സച്ദേവ. ജപ്പാനിലെ ഒരു പൊതു ശൗചാലയത്തിന്റെ സവിശേഷതകൾ കാണിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ സാർഥക് പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ശബ്ദനിയന്ത്രണത്തിലൂടെ പ്രവർത്തിക്കുന്ന ടാപ്പുകൾ മുതൽ ക്യു.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡോർ ലോക്കുകൾ വരെ തികച്ചും ഓട്ടോമേറ്റഡ് ആയ ഒരു അനുഭവമാണ് ഈ ശൗചാലയം നൽകുന്നത്.

“ജപ്പാനിലെ അത്യാധുനിക ശൗചാലയങ്ങൾ എങ്ങനെയുള്ളതാണെന്ന് ഞാൻ കാണിച്ചുതരാം” എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ ആരംഭിക്കുന്നത്. ഇതിനുള്ളിലെ ടാപ്പുകൾ ശബ്ദസന്ദേശങ്ങൾ വഴി പ്രവർത്തിപ്പിക്കാൻ സാധിക്കും. വാട്ടർ ടാപ്പ് തുറക്കാൻ ആവശ്യപ്പെടുമ്പോൾ തന്നെ അതിൽ നിന്നും വെള്ളം വരുന്നത് സാർഥക് വീഡിയോയിൽ കാണിക്കുന്നുണ്ട്. പുറത്തുനിന്നു നോക്കുമ്പോൾ ഒരു ഗോളാകൃതിയിലുള്ള (Dome-shaped) കെട്ടിടത്തിനുള്ളിലാണ് ഈ ശൗചാലയം നിർമ്മിച്ചിരിക്കുന്നത്.

ഇതിന്റെ പ്രവേശന കവാടമാണ് സച്ദേവയെ ഏറ്റവും കൂടുതൽ ആകർഷിച്ച മറ്റൊരു സവിശേഷത. പുറത്തുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ മാത്രമാണ് ഇതിന്റെ വാതിൽ സ്വയം തുറക്കുന്നത്. ഉള്ളിലുള്ള നിർദ്ദേശങ്ങൾ ജാപ്പനീസ് ഭാഷയ്ക്ക് പുറമെ ഇംഗ്ലീഷിലും നൽകിയിട്ടുള്ളതിനാൽ വിദേശികൾക്കും ഇത് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും. കൂടാതെ ഉപയോഗിക്കുന്ന സമയത്ത് പാട്ട് കേൾക്കാനുള്ള പ്രത്യേക സൗകര്യവും ഇതിലുണ്ട്.

ഓട്ടോമേഷൻ, ഡിജിറ്റൽ സംവിധാനങ്ങൾ, വോയ്സ് കൺട്രോൾ എന്നിവയുടെ ഈ അപൂർവ്വ സംയോജനം മുംബൈക്കാരനായ ക്രിയേറ്ററെ ഏറെ അത്ഭുതപ്പെടുത്തി. “ജപ്പാൻ ശരിക്കും 2057-ാം ആണ്ടിലാണ് ജീവിക്കുന്നത്” എന്ന് പറഞ്ഞുകൊണ്ടാണ് സാർഥക് തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. ജപ്പാന്റെ മികച്ച പൊതുജനസൗകര്യങ്ങളെയും അവിടുത്തെ ജനങ്ങളുടെ അച്ചടക്കത്തെയും പ്രശംസിച്ചുകൊണ്ട് നിരവധിയാളുകളാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഇന്ത്യയിലെ പൊതു ഇടങ്ങളിലും ഇത്തരം അത്യാധുനിക സൗകര്യങ്ങൾ കൊണ്ടുവരാൻ സാധിക്കുമോ എന്ന രീതിയിലുള്ള ചർച്ചകൾക്കും ഈ വീഡിയോ തുടക്കമിട്ടിട്ടുണ്ട്.