ഫിഫ ലോകകപ്പ് വിജയത്തിനു പിന്നാലെ സ്പെയിനിന്റെ കൗമാര താരം ലമീൻ യമാലിന്റെ പ്രണയം തകർന്നതായി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച . യമാലും കാമുകി ഇനസ് ഗാർഷ്യ സാന്റോസും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ, ‘ഒരുപാട് മോശം കാര്യങ്ങൾ ഞാൻ കേട്ടുകഴിഞ്ഞു, നിങ്ങളോട് എന്താണു പറയേണ്ടതെന്ന് അറിയില്ല’ എന്ന് ഇനസ് പങ്കുവച്ച സോഷ്യൽ മീഡിയ സ്റ്റോറിയാണ് പുതിയ ചർച്ചകൾക്കു കാരണമായത്. യമാലുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഇനസിന്റെ ഈ പ്രതികരണമെന്നാണ് ആരാധകർ കരുതുന്നത്.
ലോകകപ്പിൽ സ്പെയിനിന്റെ മത്സരങ്ങൾ കാണാൻ പതിവായി ഗാലറിയിലെത്തിയിരുന്ന ഇനസ്, ഫൈനലിനു ശേഷം ലോകകപ്പ് ട്രോഫിയുമായി യമാലിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. എന്നാൽ നിലവിലെ അഭ്യൂഹങ്ങളിൽ യമാലോ ഇനസോ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഇതിനിടെ യമാലുമായുള്ള ബന്ധത്തിന്റെ പേരിൽ ഒരു വിഭാഗം സ്പാനിഷ് ആരാധകരിൽനിന്ന് ഇനസിന് സൈബർ ആക്രമണം നേരിടേണ്ടിവരുന്നുണ്ട്.
യമാലിന്റെ പ്രശസ്തി ഉപയോഗിച്ച് വളരാനാണ് ഇനസ് ശ്രമിക്കുന്നതെന്നാണ് ഇവരുടെ ആരോപണം. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് ഓൺലൈനിൽ ചാറ്റ് ചെയ്ത ശേഷമാണ് ഇരുവരും നേരിട്ടു കണ്ടതെന്ന് ഇനസ് ഒരു ടിക് ടോക് വിഡിയോയിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് ഗ്രീസിലേക്ക് ഒന്നിച്ച് അവധിക്കാല ആഘോഷത്തിന് പോയതോടെയാണ് ഈ പ്രണയം പുറത്തറിയുന്നത്.
2026 മേയിൽ ബാർസിലോന ക്ലബ്ബിന്റെ അത്താഴ വിരുന്നിൽ ഇനസിനൊപ്പം യമാൽ എത്തിയത് ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. ഇരുവരും ഒരു ഔദ്യോഗിക ചടങ്ങിൽ ഒന്നിച്ചെത്തിയ ആദ്യ സംഭവമായിരുന്നു ഇത്. ഇൻസ്റ്റഗ്രാമിൽ 4.3 മില്യൻ ഫോളോവേഴ്സുള്ള ഇനസ് ഗാർഷ്യ സ്പെയിനിലെ സെവിയ്യ സ്വദേശിനിയാണ്.




