Crime

ഹണിമൂണിന് ആൻഡമാനിൽ എത്തിയപ്പോൾ ആർത്തവം; മർദിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവിനെതിരെ പരാതി

ഹണിമൂണിനിടെ ആർത്തവമുണ്ടായതിന്റെ പേരിൽ ഭർത്താവ് ക്രൂരമായി മർദിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ ഗൊരഖ്പുർ സ്വദേശിനിയായ യുവതിയാണ് ഡൽഹി നിവാസിയായ ഭർത്താവ് നിഖിൽ മിശ്രയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഹണിമൂണിന് പോയ വേളയിലാണ് അക്രമം നടന്നതെന്നും, തന്റെ നിലവിളി കേട്ടെത്തിയ ഹോട്ടൽ ജീവനക്കാരാണ് രക്ഷപ്പെടുത്തിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. 2023-ൽ നടന്ന സംഭവത്തിനു ശേഷം ദമ്പതികൾ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. എന്നാൽ, കുടുംബങ്ങൾ തമ്മിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് യുവതി ഇപ്പോൾ പൊലീസിനെ സമീപിച്ചതും കേസ് രജിസ്റ്റർ ചെയ്തതും.

ഭർത്താവിനു പുറമെ അദ്ദേഹത്തിന്റെ അമ്മയ്ക്കും സഹോദരിമാർക്കും എതിരെയും യുവതി പരാതി നൽകിയിട്ടുണ്ട്. വിവാഹസമയത്ത് തന്റെ പിതാവ് 20 ലക്ഷം രൂപയും 40 ലക്ഷം രൂപ വിലമതിക്കുന്ന മറ്റ് സമ്മാനങ്ങളും നൽകിയിരുന്നെങ്കിലും, സ്ത്രീധനം പോരെന്നു പറഞ്ഞ് ഭർതൃവീട്ടുകാർ നിരന്തരം അധിക്ഷേപിച്ചിരുന്നതായി പരാതിയിൽ ആരോപിക്കുന്നു.

ആൻഡമാനിൽ വച്ചുണ്ടായ ദാരുണമായ അനുഭവം തിരിച്ചെത്തിയ ശേഷം ഭർതൃവീട്ടുകാരോട് പറഞ്ഞെങ്കിലും അവർ പിന്തുണയ്ക്കുന്നതിന് പകരം മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്തത്. ഒടുവിൽ വിവാഹം കഴിഞ്ഞ് 45 ദിവസങ്ങൾ പൂർത്തിയായപ്പോൾ, യുവതിയുടെ പിതാവിനെ വിളിച്ചുവരുത്തി മകളെ തിരികെ കൊണ്ടുപോകാൻ അവർ ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.