രണ്ടു സ്ത്രീകളുടെ നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹത്തിന് വേണ്ടി ഒരാള്‍ ഏഴുലക്ഷം രൂപ മുടക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണായി. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില്‍ നിന്നുള്ള പ്രണയകഥയില്‍ കനൗജിലെ സരായ് മീരയില്‍ നിന്നുള്ള ഒരു ജ്വല്ലറി വ്യാപാരിയുടെ മകളും ഒരു ബ്യൂട്ടിപാര്‍ലര്‍ ഉടമയുമാണ് നവംബര്‍ 25 ന് വിവാഹം കഴിച്ചത്.
ഇവരുടെ അതുല്യ പ്രണയകഥ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. പാരമ്പര്യങ്ങളെ തച്ചുടച്ചുള്ള വിവാഹം ഓണ്‍ലൈനില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. വ്യാപാരിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ വച്ച് ഇരുവരും ആദ്യമായി കണ്ടുമുട്ടിയ 2020 മുതലാണ് അവരുടെ പ്രണയകഥ ആരംഭിക്കുന്നത്. നാലുവര്‍ഷം മുമ്പ് ബ്യൂട്ടിപാര്‍ലര്‍ ഉടമ ആഭരണങ്ങള്‍ വാങ്ങാന്‍ എത്തിയതാണ് ഇവരുടെ പരിചയത്തിന് തുടക്കം കുറിച്ചത്.
കാലക്രമേണ, അവരുടെ സൗഹൃദം ആഴത്തിലായി, ഒടുവില്‍ പ്രണയമായി. ഒടുവില്‍ ഇരുവര്‍ക്കും പിരിയാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഏഴുലക്ഷം രൂപ മുടക്കി ജ്വല്ലറി ഉടമയുടെ മകള്‍ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറി. വീട്ടുകാരുടെ സമ്മതത്തോടെ അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.
വിവാഹം ഔപചാരികമാക്കുന്നതിന് മുമ്പുതന്നെ പേരും മാറ്റി. മൂന്ന് ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയയായിട്ടുള്ള വ്യാപാരിയുടെ മകള്‍ നാലാമത്തേതിലൂടെ പൂര്‍ണ്ണമായും പുരുഷ രൂപത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിവാഹത്തിന്റെ ഫോട്ടോകള്‍ വൈറലായി, ശ്രദ്ധ ആകര്‍ഷിക്കുകയും സമൂഹത്തില്‍ ലിംഗഭേദം, പ്രണയം, സ്വീകാര്യത എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തു.