Featured Good News

വിമാനത്തില്‍ സിപിആറിലൂടെ സഹയാത്രികന്റെ ജീവന്‍ പിടിച്ചുനിര്‍ത്തി മലയാളി നഴ്‌സുമാര്‍

ന്യൂഡല്‍ഹി: കൊച്ചിയില്‍നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തില്‍ സഹായാത്രികന്റെ ജീവന്‍ രക്ഷിച്ച് മലയാളി നഴ്‌സുമാര്‍. കൊച്ചിയില്‍നിന്ന് യാത്ര തുടങ്ങി ഇരുപത് മിനിറ്റിനുള്ളില്‍ ഹൃദയാഘാതം സംഭവിച്ച സഹയാത്രികനാണ് ഇവര്‍ രക്ഷകരായത്.

വയനാട് സ്വദേശിയായ അഭിജിത്ത് ജീസും (26) ചെങ്ങന്നൂരില്‍ നിന്നുള്ള അജീഷ് നെല്‍സണും (29) കേരളത്തില്‍നിന്നുള്ള ഒരാള്‍ ശ്വാസംമുട്ടുന്നതു കണ്ടതും പൊടുന്നനെ ഇടപെടുകയായിരുന്നു. എയര്‍ അറേബ്യ വിമാനമായ ‘3 എല്‍ 128’ല്‍ യു.എ.ഇയില്‍ ജോലിക്കു ചേരാന്‍ പോകുകയായിരുന്നു ഇരുവരും.

സഹയാത്രികന്റെ നിസഹായാവസ്ഥ കണ്ടതും അദ്ദേഹത്തെ സഹായിക്കാന്‍ ഇരുവരും ഓടിയെത്തി. രണ്ട് റൗണ്ട് സി.പി.ആര്‍ നല്‍കി. യാത്രക്കാരന്‍ പള്‍സ് വീണ്ടെടുക്കുകയും വീണ്ടും ശ്വസിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതുവരെ.- ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
”ഞാന്‍ പള്‍സ് നോക്കി. പക്ഷേ ഒന്നും ഉണ്ടായിരുന്നില്ല. ഹൃദയാഘാതമാണെന്ന് മനസ്സിലായി. ഉടന്‍ സി.പി.ആര്‍ ആരംഭിച്ചു. ക്രൂവിനെ അറിയിക്കുകയും ചെയ്തു”- അഭിജിത് പറഞ്ഞു.

വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുള്‍ ഖാദറും രോഗിയുടെ നില വീണ്ടെുക്കുന്നതില്‍ ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഡോ. ഐ.വി. ഫ്‌ളൂയിഡ് നല്‍കിയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.വിമാനമിറങ്ങിയ ശേഷം അഭിജിത്തും അജീഷും സംഭവം ആരോടും പറയാതെ പുതിയ ജോലിസ്ഥലത്തേക്ക് പോയി.
പിന്നീട് ഒരു സഹയാത്രികന്‍ വഴിയാണ് കഥ പുറത്തുവന്നത്. യാത്രക്കാരന്‍ സുഖം പ്രാപിച്ചു വരുന്നു. ജീവന്‍ രക്ഷിച്ച നഴ്‌സുമാര്‍ക്ക് അദ്ദേഹത്തിന്റെ കുടുംബം നന്ദി അറിയിച്ചു.