Crime

നാട്ടിലെത്തിയത് ദിവസങ്ങള്‍ക്ക് മുമ്പ്; വിദ്യാര്‍ഥികളുടെ തര്‍ക്കത്തില്‍ ഇടപെട്ട 19 വയസുകാരന്‍ കുത്തേറ്റ്‌ മരിച്ചു

തിരുവനന്തപുരം: തലസ്‌ഥാന നഗരഹൃദയത്തില്‍ നടുറോഡില്‍ പത്തൊന്‍പതുകാരനെ കുത്തിക്കൊന്നു. ഫുട്‌ബോള്‍ മത്സരത്തിനിടയിലെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി നടന്ന സംഘര്‍ഷത്തിലാണ്‌ തമ്പാനൂര്‍ തോപ്പില്‍ വാടകയ്‌ക്കു താമസിക്കുന്ന നെട്ടയം സ്വദേശി അലന്‍ കുത്തേറ്റു മരിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ടു പേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

തൈക്കാട്‌ സ്‌കൂളിനു സമീപത്തു രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ്‌ അലന്റെ നെഞ്ചില്‍ കുത്തേറ്റത്‌. ഗുരുതരമായി പരുക്കേറ്റ അലനെ സുഹൃത്തുക്കള്‍ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട്‌ രണ്ടു ക്ലബുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്നലെ സംഘര്‍ഷമുണ്ടായി.

മഹാരാഷ്‌ട്രയില്‍ മതപഠനം നടത്തുന്ന അലന്‍ കുറച്ചുദിവസം മുമ്പാണ്‌ നാട്ടിലെത്തിയത്‌. അലന്റെ പിതാവും സഹോദരിയും നേരത്തേ മരിച്ചു. അമ്മയ്‌ക്കൊപ്പം വാടകയ്‌ക്കു താമസിക്കുകയാണ്‌. കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നുവെന്നു പറഞ്ഞായിരുന്നു വീട്ടില്‍നിന്നു പോയത്‌.