Oddly News

പ്രണയ സമ്മാനം, 285 വര്‍ഷം പഴക്കം; ഒരു നാരങ്ങ വിറ്റു പോയത് ഒന്നര ലക്ഷം രൂപയ്ക്ക്

ഒന്നര ലക്ഷം രൂപയ്ക്ക് ഒരു നാരങ്ങ വിറ്റു പോയ വാര്‍ത്തയാണ് ഇപ്പോള്‍ കൗതുകകരമാകുന്നത്. ബ്രിട്ടനിലെ ന്യൂപോര്‍ട്ടില്‍ നടന്ന ലേലത്തിലാണ് ഏകദേശം 285 വര്‍ഷം പഴക്കമുള്ള നാരങ്ങ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു പോയത്. ഏകദേശം 4200 രൂപയിലാണ് ലേലം ആരംഭിച്ചത്. ഒടുവില്‍ 1416 ബ്രിട്ടീഷ് പൗണ്ട് അഥവാ ഏകദേശം 1.5 ലക്ഷം രൂപയ്ക്ക് ലേലം അവസാനിച്ചു.

വീട് വൃത്തിയാക്കുന്നതിനിടെ പഴയൊരു അലമാരയില്‍ നിന്നാണ് ഒരു കുടുംബത്തിന് ഈ നാരങ്ങ ലഭിച്ചത്. ‘1739 നവംബര്‍ 4 ന്, മിസ്റ്റര്‍ പി ലു ഫ്രാഞ്ചിനി മിസ് ഇ ബാക്സ്റ്ററിന് നല്‍കിയത്’ എന്ന് നാരങ്ങയ്ക്ക് മുകളില്‍ എഴുതിയിട്ടുണ്ട്. വളരെ മുന്‍പു മരിച്ചു പോയ ഒരു അമ്മാവന്റെ അലമാരയായിരുന്നു അത്. ഉണങ്ങിയ നാരങ്ങയ്ക്ക് ഏകദേശം രണ്ടിഞ്ച് വീതിയും തവിട്ടുനിറവുമാണ് ഉള്ളത്.കൗതുകവസ്തുവിനു വിലകിട്ടിയേക്കാമെന്നു മനസ്സിലാക്കിയ കുടുംബാംഗങ്ങള്‍ നാരങ്ങ ബ്രെറ്റല്‍സ് ഓക്ഷനറീസ് എന്ന ലേലക്കമ്പനിയെ ഏല്‍പിക്കുകയായിരുന്നു.

ബ്രിട്ടിഷ് ഇന്ത്യയില്‍ നിന്ന് എത്തിച്ച ഒരു പ്രണയ സമ്മാനമായിരിക്കണം ഈ നാരങ്ങ എന്ന് ലേലക്കമ്പനിയുടമ ഡേവിഡ് ബ്രെറ്റല്‍ പറയുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഉണങ്ങിച്ചുളിഞ്ഞ ഒരു നാരങ്ങയ്ക്ക് ഇത്രയും തുക കിട്ടുമെന്ന് കമ്പനിയും കരുതിയില്ല. നാരങ്ങ കണ്ടെത്തിയ പഴയ അലമാര ഏകദേശം 3200 രൂപയ്ക്കും ലേലത്തില്‍ വിറ്റു പോയി.