അച്ഛന് സിനിമയില്‍ അടിച്ചുതകര്‍ക്കുമ്പോള്‍ മകന് മൈതാനത്ത് സിക്സറുകളും ഫോറുകളും അടിച്ചു തകര്‍ക്കുകയാണ്. ബോളിവുഡില്‍ വന്‍ ഹിറ്റായി മുന്നേറുന്ന 12 ത് ഫെയ്ല് സംവിധായകന് വിധുവിനോദ് ചോപ്രയുടെ മകന് രഞ്ജിട്രോഫിയില്‍ സെഞ്ച്വറിയുമായി കുതിക്കുന്നു. മേഘാലയയ്ക്ക് എതിരേ നടന്ന മത്സരത്തില്‍ മിസോറം താരമായ അഗ്നിദേവ് ചോപ്ര സെഞ്ച്വറികള്‍ നേടി മുന്നേറുകയാണ്.
2023-24 സീസണില്‍ കളിച്ച നാലു ഫസ്റ്റ്ക്ലാസ്സ് മത്സരത്തിലും സെഞ്ച്വറി നേടിയ ആദ്യ താരമെന്ന നിലയില്‍ റെക്കോഡും നേടി. ഇപ്പോള്‍ രഞ്ജിട്രോഫിയില്‍ അഞ്ചു സെഞ്ച്വറികള്‍ ആയിക്കഴിഞ്ഞിരിക്കുന്ന അഗ്നി കഴിഞ്ഞ ദിവസമാണ് മേഘാലയയ്ക്ക് എതിരേ രണ്ടു സെഞ്ച്വറികള്‍ കൂടി നേടിയത്. ബോളിവുഡ് സംവിധായകന് വിധുവിനോദ് ചോപ്രയുടേയും ജേര്‍ണലിസ്റ്റ് അനുപമ ചോപ്രയുടേയും മകനാണ് അഗ്നി. വിധുവിനോദ് അടുത്തിടെ ചെയ്ത 12ത്ത് ഫെയ്ല് ബോളിവുഡില്‍ വന്‍ വിജയം നേടുകയും മികച്ച ചിത്രത്തിനുള്ള ഫിലിംഫെയര്‍ പുരസ്ക്കാരം നേടുകയും ചെയ്തിരുന്നു.
മുംബൈ സ്വദേശിയായ അഗ്നി നാടിന് വേണ്ടി വിവിധ പ്രായപരിധിയില്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ കളിക്കാനുള്ള അവസരം തേടിയാണ് മിസോറമില്‍ എത്തിയത്. 2023 നവംബറില്‍ ചണ്ഡീഗഡിനെതിരേ ആയിരുന്നു ലിസ്റ്റ് എ യില്‍ താരത്തിന്റെ അരങ്ങേറ്റം. ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റില്‍ 2024 ജനുവരിയില്‍ സിക്കിമിനെതിരേയായിരുന്നു ആദ്യത്തെ കളി. രഞ്ജിയില്‍ പ്ളേറ്റ് ഗ്രൂപ്പിലാണ് അഗ്നിയുടെ മിസോറം. ദേശീയ ക്രികക്റ്റ് അക്കാദമിയിലെ ട്രയല്‍സിന് ശേഷമാണ് മിസോറം അഗ്നിയെ ടീമില്‍ എടുത്തത്.
ജന്മനാട് വിട്ടുപോകുന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ലിസ്റ്റ് എ-ഫസ്റ്റ്ക്ലാസ്സ് ടീമുകളില്‍ കൂടുതല്‍ അവസരം കിട്ടുക ലക്ഷ്യമിട്ടാണ് താന്‍ മിസോറമിലേക്ക് പോയതെന്നും ട്രയല്‍സില്‍ ഭാഗ്യം കൊണ്ട് അവസരം കിട്ടിയെന്നും പറഞ്ഞു. അതേസമയം മികച്ച അവസരം മുന്നിലുണ്ടായിട്ടും എന്തുകൊണ്ടാണ് പിതാവിന്റെ മേഖലയായ സിനിമയിലേക്ക് പോകാതിരുന്നത് എന്ന ചോദ്യത്തിന് തനിക്ക് സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിനോട് താല്‍പ്പര്യം ഇല്ലെന്നും ക്രിക്കറ്റിലാണ് തന്റെ പാഷനെന്നും അഗ്നി പറയുന്നു. ഒഴിവു സമയം സിനിമ കാണുമെങ്കിലൂം കളിക്കാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും അഗ്നി പറയുന്നു.