Crime

പന്ത്രണ്ടുകാരന്‌ ദേഹോപദ്രവം; യുട്യൂബര്‍മാരായ അമ്മയും ആണ്‍സുഹൃത്തും അറസ്‌റ്റില്‍

കൊച്ചി: പന്ത്രണ്ടുകാരനെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന കേസില്‍ അമ്മയും പുരുഷസുഹൃത്തും അറസ്‌റ്റില്‍. സിവില്‍ സപ്ലൈസ്‌ വകുപ്പില്‍ റേഷനിങ്‌ ഇന്‍സ്‌പെക്‌ടറും യുട്യൂബറും ആക്‌ടിവിസ്‌റ്റുമായ അമ്മയാണ്‌ ഒന്നാം പ്രതി. ഇവരുടെ സുഹൃത്തും യുട്യൂബറുമായ തിരുവനന്തപുരം വാമനപുരം സ്വദേശി സിദ്ധാര്‍ഥ്‌ രാജീവാ (24) ണ്‌ കൂട്ടുപ്രതി. കഴിഞ്ഞ 14 നു കസ്‌റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്‌റ്റ്‌ രേഖപ്പെടുത്തി. കോടതി ഇവരെ റിമാന്‍ഡ്‌ ചെയ്‌തു.

കഴിഞ്ഞ 12-ന്‌ രാത്രി പന്ത്രണ്ടുമുതല്‍ 13 നു പുലര്‍ച്ചെ 3.30-വരെയായിരുന്നു മര്‍ദനം. രാത്രി കുട്ടിയോടു മറ്റൊരു മുറിയില്‍പോയി കിടക്കാന്‍ ഇരുവരും ആവശ്യപ്പെട്ടെങ്കിലും കുട്ടി സമ്മതിച്ചില്ല. ഇതോടെ സിദ്ധാര്‍ഥ്‌ കുട്ടിയുടെ ഇടതു കൈയില്‍പിടിച്ച്‌ തിരിക്കുകയും കഴുത്തിനുഞെക്കി ഭിത്തിയോട്‌ ചേര്‍ത്തുനിര്‍ത്തി തല ശൗചാലയത്തിന്റെ വാതിലില്‍ ഇടിപ്പിക്കുകയും ചെയ്‌തു.

നിലത്തുവീണ കുട്ടിയെ സംരക്ഷിക്കാന്‍ അമ്മ ശ്രമിച്ചില്ലെന്ന്‌ എഫ്‌.ഐ.ആറില്‍ പറയുന്നു. വിവരം അറിഞ്ഞ്‌ കുട്ടിയുടെ പിതാവാണു കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്‌.