സ്വന്തം ലാഭത്തിനായി മറ്റുള്ളവരെ ചതിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നവർ ഒരുപാടുണ്ട് നമുക്കിടയിൽ . പ്രണയം നടിച്ച് നിഷ്കളങ്കരായ മനുഷ്യരെ വലയിലാക്കുന്ന ഇത്തരം വേട്ടക്കാർ വിദേശ രാജ്യങ്ങളിൽ നിന്നുപോലും ഇരകളെ കണ്ടെത്തുന്നു. അത്തരത്തിൽ ചതിക്കപ്പെട്ട് ഇന്ത്യയിലെത്തിയ ഒരു റഷ്യൻ യുവതിയുടെ സങ്കടകരമായ കഥയാണിത്. വിവാഹം കഴിച്ച ശേഷം ഭർത്താവിന്റെ കുടുംബ പ്രശ്നങ്ങളും കടബാധ്യതയും സാമ്പത്തിക ചൂഷണവും നേരിട്ടറിഞ്ഞ യുവതിയെ ഭീഷണിപ്പെടുത്തുകയും ജോലി നഷ്ടപ്പെടുത്തി നിസ്സഹയാവസ്ഥയിലാക്കുകയും ചെയ്തതായി വെളിപ്പെടുത്തൽ.
ജിപ്സി ക്യുരിയോസ എന്ന റഷ്യക്കാരി ഓൺലൈൻ വഴിയാണ് ഒരു ഇന്ത്യക്കാരനെ പരിചയപ്പെട്ടത്. പരിചയം പ്രണയമായി മാറുകയും അദ്ദേഹത്തെ കാണാൻ ജിപ്സി ഇന്ത്യയിലെത്തുകയും ചെയ്തു. വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ അഞ്ചു വർഷം മുമ്പ് മധ്യപ്രദേശിലെ ഓർച്ചയിൽ വെച്ച് അവർ വിവാഹിതരായി. എന്നാൽ വിവാഹശേഷമാണ് അയാളുടെ യഥാർത്ഥ സ്വഭാവം പുറത്തുവന്നത്. തനിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്ന കാര്യവും മാനസികമായ ചില പ്രശ്നങ്ങളുണ്ടെന്ന സത്യവും അയാൾ ജിപ്സിയിൽ നിന്ന് മറച്ചുവെച്ചിരുന്നു.
പിന്നീട് 2024-ൽ ഭോപ്പാലിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അയാൾ തിരിച്ചുവന്നില്ല. ജിപ്സിയുടെ ഫോൺ കോളുകൾ പോലും അയാൾ അവഗണിച്ചു. പരിഭ്രാന്തയായ യുവതി പോലീസിൽ പരാതി നൽകി. ഒടുവിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്; ടൂറിസ്റ്റ് ഗൈഡായ അയാൾ മറ്റൊരു സ്ത്രീക്കൊപ്പം താമസം തുടങ്ങിയിരുന്നു. ഈ വിവരങ്ങൾ ജിപ്സി അറിഞ്ഞതോടെ അയാൾ ഭീഷണിപ്പെടുത്താനും ശാരീരികമായി ഉപദ്രവിക്കാനും തുടങ്ങി. ജിപ്സി ജോലി ചെയ്യുന്ന സ്ഥലത്ത് വിളിച്ച് അവർക്ക് മാനസികരോഗമാണെന്ന് പറഞ്ഞ് ആ ജോലി കൂടി അയാൾ നഷ്ടപ്പെടുത്തി.
ഇന്ന് കയ്യിൽ പണമില്ലാതെ, സ്വന്തം കുടുംബത്തിൽ നിന്നും നാട്ടിൽ നിന്നും അകന്ന് വലിയൊരു നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണ് ജിപ്സി. പ്രണയവും സമ്പാദ്യവും എല്ലാം നഷ്ടപ്പെട്ടെങ്കിലും, എങ്ങനെയെങ്കിലും തന്റെ ഉറ്റവരുടെ അടുത്തേക്ക് മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവതി ഇപ്പോൾ ജീവിക്കുന്നത്.




