പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ ഡല്‍ഹി നാവികസേനാ ആസ്ഥാനത്തെ യു.ഡി. ക്ലാര്‍ക്ക് വിശാല്‍ യാദവിനെ കുടുക്കിയത് ക്രിപ്റ്റോ കറന്‍സി. അതീവ രഹസ്യാത്മക പ്രതിരോധ വിവരങ്ങളും അടുത്തിടെ ഇന്ത്യ വിജയകരമായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റേതടക്കമുള്ള വിവരങ്ങൾ ഇയാൾ പാകിസ്താന് ചോർത്തിയെന്നാണ് റിപ്പോർട്ട്.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയതിന് ഇയാൾക്ക് 50,000 രൂപ പ്രതിഫലം ലഭിച്ചെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ചയാണ് ഇയാളെ രാജസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം 1923-ലെ ഒദ്യോഗിക രഹസ്യനിയമപ്രകാരം അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ യുവതി എന്ന നിലയിൽ സമീപിച്ച പാകിസ്താൻ യുവതിക്കാണ് ഇയാള്‍ വിവരങ്ങൾ കൈമാറിയത്. രണ്ട് ലക്ഷം രൂപയാണ് ചാരപ്പണിക്ക് ഇയാൾക്ക് പ്രതിഫലം ലഭിച്ചത്. ഇതിൽ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയതിന് മാത്രം 50,000 രൂപ ലഭിച്ചെന്ന് ഐജി വിഷ്ണു കാന്ത് ഗുപ്ത പറഞ്ഞു.
പ്രിയ ശർമ എന്ന ഫേസ്ബുക്ക് ഐഡിയിൽനിന്ന് ലഭിച്ച റിക്വസ്റ്റിലാണ് തുടക്കം. ആദ്യഘട്ടത്തിൽ ഇരുവരുംതമ്മിൽ ചാറ്റിങ് മാത്രമായിരുന്നു. തുടർന്ന്, ബന്ധം കൂടുതൽ വളർന്നതോടെ വാട്സാപ്പിലൂടെയായി ചാറ്റിങ്. ഇതിനിടെ ചെറുരഹസ്യങ്ങൾ ഇയാളിൽനിന്ന് പ്രിയ ശർമ്മ ശേഖരിച്ചു. ഇവർ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ ഏജന്റാണെന്നാണ് സൂചന.
ഓണ്‍ലൈന്‍ ഗെയിമുകളിലെ യാദവിന്റെ ആസക്തി മനസിലാക്കിയ ഹാന്ഡ്ലര് മൂന്നു വര്‍ഷം മുമ്പാണ് ഇയാളുമായി അടുപ്പം സ്ഥാപിക്കുന്നത്. പിന്നീട് ചാരവൃത്തിക്കായി പ്രേരിപ്പിക്കാന്‍ തുടങ്ങി. ഇതിനുശേഷം ഇരുവരും തമ്മില്‍ വാട്സ്ആപ്പിലും ടെലിഗ്രാമിലുമായി ആശയവിനിമയം. നാവികസേനയെ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കൈമാറിയ യാദവ് പ്രതിഫലമായി പണവും കൈപ്പറ്റി. ഇതിന്റെ വിവരങ്ങള്‍ ഇയാളുടെ ഫോണില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്.
ഓരോ വട്ടവും തന്ത്രപ്രധാനവിവരങ്ങൾ ഇയാൾ പങ്കുവെച്ചപ്പോൾ അയ്യായിരം, ആറായിരം രൂപ വീതം നൽകിയിരുന്നു. തുടർന്ന് ബന്ധം കൂടുതൽ അടുത്തതോടെ കൂടുതൽ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർത്തി നൽകാൻ തുടങ്ങി. ഇതിനായി കൂടുതൽ സുരക്ഷിതമെന്ന് കരുതപ്പെടുന്ന ടെലഗ്രാമിലൂടെയായി ബന്ധം. ഓപ്പറേഷൻ സിന്ദൂറിന്റേതടക്കമുള്ള രഹസ്യവിവരങ്ങൾ ഇയാൾ ഇങ്ങനെ പാകിസ്താന് ചോർത്തിയെന്നാണ് റിപ്പോർട്ട്.
ക്രിപ്റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട മറ്റൊരു കേസിന്റെ അന്വേഷണമാണ് ഏജന്‍സികളെ ഇയാളിലേക്ക് എത്തിച്ചത്. ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്ന യാദവ് ഇതുമൂലമുണ്ടായ സാമ്പത്തിക ബാധ്യത പരിഹരിക്കാനായി ചാരവൃത്തിയിലേക്കു തിരിയുകയായിരുന്നു. ‘
2022-ല്‍ ചാരവൃത്തിക്ക് അറസ്റ്റിലായ രാജസ്ഥാന് സ്വദേശി രവി പ്രകാശ് മീണയുമായി ബന്ധപ്പെട്ട അന്വേഷണമാണ് പുതിയ അറസ്റ്റിലേക്ക് വഴി തുറന്നത്. പ്രതിരോധ മന്ത്രാലയത്തില്‍ ക്ളാസ് 4 ജീവനക്കാരിയായിരുന്നു മീണ. തന്റെ പാകിസ്താനി ഹാന്‍ഡ്ലര്‍ക്ക് മാപ്പുകള്‍ പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ നല്‍കിയതിന് പകരമായി മീണ ക്രിപ്റ്റോകറന്‍സി സ്രോതസ് വഴി പണം സ്വീകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഈ സ്രോതസ് പിന്തുടര്‍ന്ന ഏജന്‍സികള്‍ മറ്റു രണ്ടു പേരിലേക്കു കൂടി എത്തി. അവരില്‍ ഒരാളാണ് ഇപ്പോള്‍ പിടിയിലായ വിശാല്‍ യാദവ്. മീണയുടെ അതേ സ്രോതസില്‍നിന്നാണ് യാദവിന് പണം ലഭിക്കുന്നതെന്ന് അവര്‍ കണ്ടെത്തി. തുടര്‍ന്ന് യാദവിനെ രണ്ട് വര്‍ഷത്തിലേറെയായി നിരീക്ഷിച്ചുവരുകയായിരുന്നു.
ചാരവൃത്തിക്കായി പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഐ.എസ്.ഐ ലക്ഷ്യമിടുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. തേന്കെണിയില്പ്പെടുത്തിയും പണം വാഗ്ദാനം ചെയ്തുമെല്ലാമാണ് പാക് ഹാന്‍ഡലര്‍മാര്‍ ഇരകളെ കണ്ടെത്തുന്നത്.




