Featured Movie News

സല്‍മാനെ കൊല്ലാന്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍! 25 ലക്ഷത്തിന്റെ ക്വട്ടേഷന്‍, നിരീക്ഷിച്ചിരുന്നത് 70അംഗ സംഘം

ബോളിവുഡിലെ സൂപ്പര്‍താരമായ സല്‍മാന്‍ഖാനെ വധിക്കാന്‍ കുപ്രസിദ്ധ ഗുണ്ടാസംഘമായി ബിഷ്‌ണോയി ഗ്യാംഗിന് കിട്ടിയിരിക്കുന്നത് 25 ലക്ഷത്തിന്റെ ക്വട്ടേഷനാണെന്ന് വെളിപ്പെടുത്തല്‍. 2023 ആഗസ്റ്റിനും 2024 ഏപ്രിലിനുമിടയില്‍ പദ്ധതി നടപ്പാക്കാനായിരുന്നു കരാറില്‍ ഉണ്ടായിരുന്നത്. സല്‍മാന്‍ഖാനെതിരേ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ അറസറ്റിലായ അഞ്ചുപേര്‍ക്കെതിരേ നവി മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്. ലോറന്‍സ് ബിഷ്‌ണോയി ഗ്യാംഗാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.

18 വയസ്സില്‍ താഴെ പ്രായത്തിലുള്ള കുട്ടികളെയാണ് സല്‍മാനെ കൊല്ലാനായി നിയോഗിച്ചിരുന്നത്. ഇവര്‍ ഗ്യാംഗിന്റെ തലവന്മാരില്‍ നിന്നുള്ള നിര്‍ദേശം വരാന്‍ കാത്തിരിക്കുകയായിരുന്നു. ബിഷ്‌ണോയി ഗ്യാംഗിനെ അമേരിക്കയില്‍ നിന്നും നിയന്ത്രിക്കുന്ന പ്രധാന നേതാക്കളായ അന്‍മോല്‍ ബിഷ്‌ണോയി, ഗോള്‍ഡി ബ്രാര്‍ എന്നിവരുടെ നിര്‍ദേശം വന്നാലുടന്‍ ആക്രമിക്കാനായിരുന്നു പദ്ധതി. സല്‍മാനെ കൊല്ലാനുള്ള പദ്ധതിയില്‍ 60 – 70 പേര്‍ വരുന്ന വലിയൊരു ശൃംഖലയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബാന്ദ്രയിലെ വീട്, പനവേലിലെ ഫാംഹൗസ്, ഗുര്‍ഗോണിലെ ഫിലിംറ്റി, താരത്തിന്റെ സിനിമകള്‍ നടക്കുന്ന ഷൂട്ടിംഗ് ലൊക്കേഷനുകള്‍ തുടങ്ങി സല്‍മാന്റെ എല്ലാ ചലനങ്ങളും സംഘത്തിന്റെ നിരീക്ഷണത്തിന് കീഴിലായിരുന്നു.

അതേസമയം സല്‍മാന്റെ വീടിന് നേരെ വെടിവെയ്പ്പ് നടന്നതിന് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ താരത്തിന്റെ വീട്ടില്‍ ചെന്ന് കൂടിക്കാഴ്ച നടത്തുകയും സുരക്ഷയും എല്ലാത്തരം സഹായവും ഉറപ്പ് നല്‍കുകയുമായിരുന്നു. കൊലപാതകശ്രമം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2024 ഏപ്രിലില്‍ രണ്ടുപേര്‍ ബാന്ദ്രയിലെ താരത്തിന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. ഈ സംഭവം അനേകരെയാണ് അകത്താക്കിയത്. 2022 മെയ് 29 ന് പഞ്ചാബി ഗായകന്‍ സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തിയിരുന്നു. അതിന് ഉപയോഗിച്ച കെ 47, എകെ 92, എം 16 റൈഫിളുകള്‍, തുര്‍ക്കി നിര്‍മ്മിത സിഗാന പിസ്റ്റള്‍ എന്നിവ ഉള്‍പ്പെടെ അത്യാധുനിക തോക്കുകള്‍ പാകിസ്ഥാനില്‍ നിന്ന് വാങ്ങാനാണ് സംഘം ഉദ്ദേശിച്ചിരുന്നതെന്നും വ്യക്തമായി.