വിവാഹമോചനക്കേസില്‍ വിധി പറയുന്ന ദിവസം ഇന്ത്യന്‍ താരം യൂസ്വേന്ദ്ര ചാഹല്‍ ഷുഗര്‍ ഡാഡി പരാമര്‍ശമുള്ള ടീ ഷര്‍ട്ട് ധരിച്ചെത്തിയതിനെതിരെ പ്രതികരണവുമായി മുന്‍ ഭാര്യ ധനശ്രീ വര്‍മ. യൂസ്വേന്ദ്ര ചാഹലുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനെക്കുറിച്ച് ആദ്യമായി പരസ്യമായി സംസാരിക്കുകയായിരുന്നു. ‘സ്പിൽ ദി ടീ’ എന്ന പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കവെ, വേർപിരിയൽ അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല എന്ന് അവർ പറഞ്ഞു.
വിവാഹമോചന ദിവസം, “Be your own sugar daddy” എന്ന് വലിയ അക്ഷരത്തിൽ എഴുതിയ കറുത്ത ടീ-ഷർട്ടണിഞ്ഞാണ് യൂസ്വേന്ദ്ര ചാഹൽ കോടതിയിലെത്തിയത്. ഈ വസ്ത്രം ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി, ഇത് ധനശ്രീക്കെതിരെയുള്ള ഒളിയമ്പാണെന്ന് പലരും വ്യാഖ്യാനിച്ചു.
എനിക്ക് എന്തെങ്കിലും സന്ദേശം നല്‍കാനായിരുന്നെങ്കില്‍ അത് വാട്‌സാപ്പിലൂടെ മതിയാകുമായിരുന്നല്ലോ, എന്തിനായിരുന്നു ടീഷര്‍ട്ട് ധരിച്ചുള്ള നാടകമൊക്കെ. വിവാഹമോചന വിഷയത്തില്‍ ആളുകള്‍ എന്നെ മാത്രമെ കുറ്റം പറയുകയുള്ളു എന്ന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. വിവാഹമോചന കേസില്‍ വിധി വന്നപ്പോള്‍ ഞാന്‍ പൊട്ടിക്കരയുകയായിരുന്നു. എന്നാല്‍ വിധി കേട്ട ശേഷം ചാഹല്‍ കോടതിയില്‍ നിന്നും ഇറങ്ങിപോവുകയാണ് ചെയ്തതെന്നും ധനശ്രീ പറഞ്ഞു.
“വിവാഹമോചനം ആഘോഷിക്കേണ്ട ഒന്നല്ല. അത് ആഘോഷമല്ല; വളരെ സങ്കടകരവും വൈകാരികവുമായ ഒന്നാണ്. ഇത് രണ്ട് വ്യക്തികളെ മാത്രം ബാധിക്കുന്ന ഒന്നല്ല, മറിച്ച് അവരെ സ്നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന കുടുംബങ്ങളെയും ബാധിക്കുമെന്ന് ആളുകൾ മറക്കരുത്,” അവർ പറഞ്ഞു.
“ഒരു വിവാഹത്തിലെ ദുഃഖവും കലഹവും ഇരു കക്ഷികളും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരുമിച്ചു സ്നേഹത്തോടെ തുടങ്ങുന്ന ബന്ധങ്ങൾ അവസാനിക്കുമ്പോൾ പലപ്പോഴും വിശ്വാസക്കുറവിലാണ് അവസാനിക്കുന്നത്. ആ ദിവസം എനിക്കും എന്റെ കുടുംബത്തിനും വളരെ വൈകാരികമായിരുന്നു, അത് പോലെ ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും. ഞങ്ങൾ ഇതിനായി മാനസികമായി തയ്യാറെടുത്തിരുന്നെങ്കിലും, വിധി പറയാൻ പോകുമ്പോൾ ഞാൻ പൂർണ്ണമായും തകർന്നുപോയി. എല്ലാവരുടെയും മുന്നിൽ വെച്ച് ഞാൻ അലമുറയിട്ട് കരഞ്ഞു,” അവർ വെളിപ്പെടുത്തി.
ചാഹലിന്റെ ടീ-ഷർട്ട്
“അദ്ദേഹം ആദ്യം പുറത്തിറങ്ങി, ആ ടീ-ഷർട്ട് സംഭവം പുറത്ത് വന്നു. ഞാൻ അപ്പോഴും അകത്തായിരുന്നതുകൊണ്ട് എനിക്കതിനെക്കുറിച്ച് അറിയില്ലായിരുന്നു. മാധ്യമങ്ങളെ കാണാൻ താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ ബാക്ക് ഡോറിലൂടെയാണ് പുറത്ത് വന്നത്. ഞാൻ ഒരു സാധാരണ ടീ-ഷർട്ടും ജീൻസും മാത്രമാണ് ധരിച്ചിരുന്നത്,” അവർ വ്യക്തമാക്കി.
ഇതവരെ പിടിച്ചുകുലുക്കിയെങ്കിലും ഒരുതരം സ്വാതന്ത്ര്യം നൽകിയെന്നും ധനശ്രീ സമ്മതിച്ചു, “ഞാൻ കാറിൽ ഇരുന്നു, ശ്വാസമെടുക്കാൻ പാടുപെടുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞാൻ മനസ്സിലാക്കുന്നതിന് മുൻപ് തന്നെ, ആ പ്രവൃത്തി കാരണം ആളുകൾ എന്നെക്കുറിച്ച് പലതും ഊഹിക്കാൻ തുടങ്ങി. അവിടെ ഇരിക്കുമ്പോൾ എനിക്ക് തോന്നി, ‘ഇത് കഴിഞ്ഞു. തീർന്നു.’ എവിടെയോ എനിക്ക് വിഷമം തോന്നി. ഞാൻ എന്തിനാണ് ഇതിനെക്കുറിച്ച് കരഞ്ഞതെന്നാണ് ഞാൻ ചിന്തിച്ചത്. എന്നിട്ട് ഞാൻ കരുതി, ഇനി ഇതെല്ലാം മറക്കാം – നമുക്കിത് ഇവിടെ അവസാനിപ്പിക്കാം. ആ നിമിഷം ചിരിക്കാനും മുന്നോട്ട് പോകാനുമുള്ള പ്രചോദനം എനിക്ക് നൽകി. ഇത് കഴിഞ്ഞു,” അവർ ഉപസംഹരിച്ചു.




