ഛത്തീസ്ഗഢിലെ കങ്കേർ ജില്ലയിൽ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. റീൽ ഉണ്ടാക്കുന്നതിനായി ഒരു യുവാവ് കരടിക്ക് ശീതളപാനീയ കുപ്പി നൽകുന്നതാണ് വീഡിയോയിലുള്ളത്. .
വീഡിയോയിൽ, ഒരു യുവാവ് ശീതളപാനീയക്കുപ്പിയുമായി കരടിയുടെ അടുത്തേക്ക് നടന്നുപോകുന്നത് കാണാം. തുടർന്ന് കുപ്പി മൃഗത്തിന് മുന്നിൽ വെച്ച ശേഷം ക്യാമറയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് തിരിച്ചുപോകുന്നു.
കരടി അടുത്തെത്തി കുപ്പിയെടുത്ത് പാനീയം കുടിക്കാൻ തുടങ്ങുന്നു. കുപ്പിയിലെ പാനീയം മുഴുവൻ കുടിച്ച് തീർക്കുന്നതും വീഡിയോയിൽ കാണാം. സമൂഹമാധ്യമങ്ങളിൽ റീൽ ചെയ്യുന്നതിന് വേണ്ടി ചിത്രീകരിച്ച ഈ പ്രവൃത്തി, മനുഷ്യരുടെ അശ്രദ്ധ, വന്യജീവികളുടെ സുരക്ഷ, സംരക്ഷണ നിയമങ്ങളുടെ ലംഘനം എന്നിവയെക്കുറിച്ച് ഗൗരവമായ ആശങ്കകൾ ഉയർത്തുന്നു. നാരാ ഗ്രാമത്തിൽ ചിത്രീകരിച്ച ഈ വീഡിയോ, ഓൺലൈൻ റീച്ചും പ്രശസ്തിയും നേടുന്നതിനായി ആളുകൾ സ്വന്തം ജീവൻ മാത്രമല്ല മൃഗങ്ങളുടെ ജീവൻ പോലും അപകടത്തിലാക്കുന്ന പ്രവണതയെയാണ് കാണിക്കുന്നത്.
ഇത്തരം പ്രവൃത്തികൾ അതീവ അപകടകരമാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. മനുഷ്യരുമായി അടുത്തിടപഴകുമ്പോൾ കരടികൾ ആക്രമണകാരികളാകാനും മാരകമായേക്കാവുന്ന ഏറ്റുമുട്ടലുകളിലേക്ക് നയിക്കാനും സാധ്യതയുണ്ട്.ശീതളപാനീയങ്ങളും സമാനമായ കൃത്രിമ പദാർത്ഥങ്ങളും വന്യമൃഗങ്ങൾക്ക് ഹാനികരമാണ് എന്നതാണ് ഇതിനേക്കാൾ ആശങ്കയുണ്ടാക്കുന്ന മറ്റൊരു വസ്തുത. ഇത് കരടിയുടെ ദഹനവ്യവസ്ഥയെ താറുമാറാക്കുകയും അതിന്റെ സ്വാഭാവിക സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. ഇത് വനത്തിൽ അതിജീവനത്തിന് പകരം മനുഷ്യന്റെ ഭക്ഷണത്തെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് മൃഗങ്ങളെ മാറ്റിയേക്കാം.
വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും വന്യജീവി സംരക്ഷണ നിയമപ്രകാരം നിയമനടപടികൾക്ക് ഒരുങ്ങുകയാണെന്നും പഞ്ചാബ് കേസരി റിപ്പോർട്ട് ചെയ്തു.




