നെടുമ്പാശേരി: എറണാകുളം നെടുമ്പാശ്ശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ ക്രൂരമായി കൊലപ്പെടുത്തി. മൂന്ന് മാസത്തെ ക്രൂരമർദനത്തിന് പിന്നാലെയാണ് 58 വയസുകാരി അനിത മരിച്ചത്. മകൻ ചെങ്ങമനാട് പുറയാര്‍ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ചൊവ്വര പാറപ്പുറത്ത് വീട്ടില്‍ ബിനു(38)വിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 20 വർഷമായി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അനിതയെ മൂന്ന് മാസം മുൻപാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തുടർന്ന് ക്രൂരമർദ്ദനമാണ് ഇവർക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അനിതയുടെ ശരീരത്തിലാകെ കമ്പ് കൊണ്ട് മർദിച്ചതിന്റെ പാടുകളുണ്ട്. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകത്തിൽ മകന്റെ ഭാര്യയുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ 30നാണു സംഭവം വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ അലക്ക് കല്ലിനു സമീപം കുഴഞ്ഞുവീണ നിലയിലാണ് അനിതയെ കാണപ്പെട്ടതെന്നും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചെന്നുമാണ് മകന് ബിനു പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കും ശരീരത്തിനും മറ്റ് അന്തരീക അവയവങ്ങള്‍ക്കും ഗുരുതരമായ ക്ഷതമേറ്റതില്‍ ഉണ്ടായ അന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. പോലീസ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ബിനുവിനെ കസ്റ്റഡിയിലെടുത്തു.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണസംഘത്തില്‍ ഡിവൈ.എസ്.പി. ടി.ആര്. രാജേഷ്, ഇന്‍സ്പെക്ടര്‍ ആര്. രാജേഷ്, എസ്.ഐ. എസ്.എസ്. ശ്രീലാല്‍ എന്നിവരുമുണ്ടായിരുന്നു.




